കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനലിൽ ബാസ്കോ ഒതുക്കുങ്ങലിനെ പരാജയപ്പെടുത്തി കൊണ്ട് കെ എസ് ഇബിയും സാറ്റ് തിരൂരിനെ തോൽപ്പിച്ച് കൊണ്ട് ഗോൾഡൻ ത്രഡ്സും ഫൈനലിലേക്ക് മുന്നേറി.
ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്വ് എസ് ഇ ബി ബാസ്കോയെ തോൽപ്പിച്ചത്. കഴിഞ്ഞ സീസൺ സെമി ഫൈനലിലും കെ എസ് ഇ ബി ആയിരുന്നു ബാസ്കോയെ തോൽപ്പിച്ചത്. 15ആം മിനുട്ടിൽ വിഗ്നേഷിന്റെ ഒരു ഗംഭീര സ്ട്രൈക്കാണ് കെ എസ് ഇ ബിക്ക് ലീഡ് നൽകിയത്. ഇതിന് മറുപടി നൽകാൻ ശ്രമിച്ച ബാസ്കോയ്ക്ക് 30ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ സമനില കിട്ടി. കെ എസ് ഇ ബിയുടെ ഗോൾ കീപ്പറും ഡിഫൻസും വരുത്തിയ പിഴവാണ് അവിടെ ഗോളായി മാറിയത്.
രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ ഒരു പെനാൾട്ടി കെ എസ് ഇ ബിക്ക് രക്ഷയായി. ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി നിജോ ഗിൽബേർട്ട് ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് കെ എസ് ബിയുടെ ലീഡും വിജയവും ഉറപ്പിച്ചു.
എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ ഗോൾഡൻ ത്രഡ്സ് എക ഗോളിനാണ് സാറ്റ് തിരൂരിനെ തോൽപ്പിച്ചത്. 19ആം മിനുട്ടിൽ ഒരു ബൈസൈക്കിൽ കിക്കിലൂടെ ആയിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ വന്നത്. പെനാൾട്ടി ബോക്സിൽ ഇസഹാകിന്റെ മാന്ത്രിക ചുവടുകൾക്ക് ശേഷം പന്ത് ഒരു ആക്രൊബാറ്റിക്ക് എഫേർടിലൂടെ ക്വറ്റാര സി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് സാറ്റ് തിരൂരിന് മറുപടി ഉണ്ടായില്ല. സാറ്റ് ഒരിക്കൽ കൂടെ സെമി ഫൈനലിൽ നിരാശയേറ്റി വാങ്ങി മടങ്ങുന്നതാണ് കെ പി എല്ലിൽ കാണാൻ ആയത്.
ഇനി ഞായറാഴ്ച കോഴിക്കോട് വെച്ച് ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും കിരീടത്തിനായി പോരാടും.