ഫുള്‍ചാര്‍ജുമായി കെ എസ് ഇ ബി

കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്.
കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ എം വിഘ്നേഷും (15) നിജോ ഗില്‍ബര്‍ട്ടും (79) കെഎസ്ഇബിയുടെ ഗോളുകള്‍ നേടി. മുപ്പതാം മിനിറ്റിലെ പി.അജീഷിന്റെ സെല്‍ഫ് ഗോളില്‍ ബാസ്‌കോ ആശ്വാസം കണ്ടു. ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെഎസ്ഇബിയും ബാസ്‌കോയും സെമിയില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞവട്ടം ഷൂട്ടൗട്ടിലായിരുന്നു കെഎസ്ഇബിയുടെ ജയം.
Img 20220408 Wa0065
ലീഗില്‍ തോല്‍വിയറിയാതെ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ബാസ്‌കോ എത്തിയത്. കെഎസ്ഇബിയാകട്ടെ ഗ്രൂപ്പ് ബി റണ്ണേഴ്സപ്പുമായി. ബാസ്‌കോയുടെ മുന്നേറ്റങ്ങളോയൊണ് മത്സരം തുടങ്ങിയത്. ഇടതുമൂലയില്‍ പി.എന്‍ നൗഫലിനെ കേന്ദ്രീകരിച്ചായിരുന്നു ബാസ്‌കോയുടെ ആക്രമണങ്ങള്‍. കാമറൂണ്‍ മുന്നേറ്റക്കാരന്‍ എസോംബെ അബിയാവുവും കൂട്ടിനുണ്ടായി. 15ാം മിനിറ്റില്‍ ഗളിഗതിക്ക് എതിരെയാണ് കെഎസ്ഇബിയുടെ ഗോള്‍ പിറന്നത്. മിന്നല്‍ പ്രത്യാക്രമണം ബാസ്‌കോ പ്രതിരോധത്തെ തളര്‍ത്തി. മൈതാനമധ്യത്തുനിന്ന് ബാസ്‌കോ ക്യാപ്റ്റന്‍ ടി.സി ഫഹദില്‍നിന്നും പന്ത് കെഎസ്ഇബി താരം ജിനേഷ് ഡൊമിനിക് റാഞ്ചി. പന്ത് വിഘ്നേഷിലേക്ക്. മധ്യനിരക്കാരന്‍ കുതിച്ചു. മൂന്ന് ബാസ്‌കോ പ്രതിരോധക്കാരെ വെട്ടിച്ചുള്ള വലംകാലടി വലകയറി.

30ാം മിനിറ്റില്‍ ബാസ്‌കോയുടെ മറുപടിയെത്തി. കെഎസ്ഇബി ഗോള്‍കീപ്പര്‍ എസ്.ഹജ്മലിന്റെ പിഴവ് ഗോളില്‍ കലാശിച്ചു. പി.നാസര്‍ തൊടുത്ത കോര്‍ണര്‍ തട്ടിയകറ്റാന്‍ ഹജ്മല്‍ ശ്രമിച്ചു.എന്നാല്‍ പന്ത് പോസ്റ്റിനുള്ളില്‍ തന്നെയായിരുന്നു. അജീഷ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അജീഷിന്റെ തലയില്‍ തട്ടിയാണ് പന്ത് വീണത്. രണ്ടാംപകുതിയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. പ്രതിരോധം കനപ്പിച്ച് ഇരുടീമുകളും അണിനിരന്നതോടെ കളി തുടര്‍ന്നു. നിശ്ചിതസമയത്തിലേക്ക് അടുക്കവേ കെഎസ്ഇബിയും ബാസ്‌കോയും ശൈലിമാറ്റി. മുന്നിലെത്താന്‍ സര്‍വതും മറന്ന് ആക്രമിച്ചുകളിച്ചു. 79ാം മിനിറ്റില്‍ കെഎസ്ഇബി വിജയഗോള്‍ കുറിച്ചു. ബാസ്‌കോ ബോക്സില്‍ അവര്‍ നടത്തിയ നീക്കത്തിനിടെ ജിപ്സണ്‍ ജസ്റ്റസിന്റെ കൈയ്യില്‍ പന്തുതട്ടി. ഹാന്‍ഡ്ബോളിന് പെനല്‍റ്റി അനുവദിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കിക്കെടുത്തത നിജോ ഗില്‍ബര്‍ട്ടിന് തെറ്റിയില്ല. 2017ലെ ചാമ്പ്യന്‍മാരായ കെഎസ്ഇബി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.