സ്പാനിഷ് ലാ ലീഗയിൽ വിജയവഴിയിൽ തിരിച്ചെത്തി റയൽ മാഡ്രിഡ്. കഴിഞ്ഞ മത്സരത്തിൽ റയോ വയ്യകാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ അവർ തരം താഴ്ത്തൽ ഭീഷണി നേരിടുന്ന കാഡിസിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മറികടന്നു വിജയവഴിയിൽ തിരിച്ചെത്തി. റയൽ ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് റയലിനെ വിറപ്പിക്കാൻ കാഡിസിന് ആയി. ഒരിക്കൽ അവരുടെ ശ്രമം ബാറിൽ തട്ടിയും മടങ്ങി.
ഒരു ഗോൾ അടിച്ചും ഒരു അസിസ്റ്റ് നൽകിയും കളം ഭരിച്ച ടോണി ക്രൂസ് ആണ് റയലിന് ജയം സമ്മാനിച്ചത്. കാഡിസ് റയലിനെ ബുദ്ധിമുട്ടിക്കുന്ന സമയത്ത് 40 മത്തെ മിനിറ്റിൽ ആണ് റയലിന്റെ ആദ്യ ഗോൾ പിറന്നത്. കോർണറിൽ നിന്നു ലഭിച്ച അവസരത്തിൽ ക്രൂസിന്റെ ക്രോസിൽ നിന്നു ഹെഡറിലൂടെ മിലിറ്റാവോ റയലിന് മുൻതൂക്കം സമ്മാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിൽ ആണ് ബ്രസീലിയൻ താരം ഗോൾ നേടുന്നത്. പലപ്പോഴും കാഡിസ് റയലിന് സമ്മർദ്ദം നൽകിയപ്പോൾ രണ്ടാം പകുതിയിൽ 70 മത്തെ മിനിറ്റിൽ രണ്ടാം ഗോൾ പിറന്നു.
ബോക്സിന് മുന്നിൽ വീണു കിട്ടിയ ഒരു ലൂസ് ബോൾ അസാമാന്യ കൃത്യതയോടെ ക്രൂസ് ഉഗ്രൻ വോളിയിലൂടെ എതിർ വലയിൽ എത്തിച്ചു. ലോകോത്തര ഗോൾ തന്നെയായിരുന്നു അത്. ആദ്യ ഷോട്ട് കയ്യിൽ ഒതുക്കാൻ കോർട്ടോക്ക് പിഴച്ചെങ്കിലും നെഗ്രോടോയുടെ റീബൗണ്ട് ബെൽജിയം താരം തട്ടിയകറ്റി. എന്നാൽ പന്ത് ലഭിച്ച പകരക്കാരനായി ഇറങ്ങിയ ലൂകാസ് പെരസ് കാഡിസിന് ആയി ആശ്വാസ ഗോൾ നേടുക ആയിരുന്നു. തുടർന്ന് ഗോൾ വഴങ്ങാതെ നിന്ന റയൽ ജയം സ്വന്തമാക്കുക ആയിരുന്നു. ജയത്തോടെ ഒന്നാമതുള്ള ബാഴ്‌സലോണയും ആയുള്ള അകലം 2 പോയിന്റുകൾ മാത്രമായി റയൽ കുറച്ചു. അതേസമയം കാഡിസ് ലീഗിൽ പത്തൊമ്പതാം സ്ഥാനത്താണ്.