ഇത്തവണത്തെ കേരള പ്രീമിയർ ലീഗിൽ ഒരു ഗംഭീര ഫൈനൽ തന്നെയാകും നടക്കുക. കേരള ഫുട്ബോളിലെ വൻ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും ഫൈനലിൽ ഏറ്റുമുട്ടും. ഇന്നലെ നടന്ന സെമി ഫൈനലുകൾ വിജയിച്ചാണ് ഗോകുലത്തിന്റെയും കേരള ബ്ലാസ്റ്റേഴ്സിന്റെയും റിസേർവ്സ് ടീമുകൾ കിരീട പോരാട്ടത്തിന് യോഗ്യത നേടിയത്. ഇന്നലെ നടന്ന സെമിയിൽ കേരള പോലീസിനെയാണ് ഗോകുലം പരാജയപ്പെടുത്തിയത്.
കോഴിക്കോട് നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഗോകുലത്തിന്റെ വിജയം. ഗോകുലത്തിനു വേണ്ടി നിംഷാദ് റോഷൻ ഇരട്ട ഗോളുകളും ഡാനിയൽ, ലാൽമുവൻസോവ എന്നിവർ ഒരോ ഗോൾ വീതവും നേടി. ഇത് തുടർച്ചയായി മൂന്നാം തവണയാണ് ഗോകുലം കെ പി എൽ ഫൈനലിൽ എത്തുന്നത്. രണ്ടാം കിരീടമാകും ഗോകുലം ഇത്തവണ ലക്ഷ്യമിടുന്നത്.
കേരള ബ്ലാസ്റ്റേഴ്സിന് ഇത് ആദ്യ കെ പി എൽ ഫൈനലാണ്. ഇന്നലെ നടന്ന സെമിയിൽ സാറ്റ് തിരൂരിനെ ആണ് കേരള ബ്ലാസ്റ്റേഴ്സ് വീഴ്ത്തിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്ന്യ് വിജയം. നിശ്ചിത സമയത്ത് മത്സരം ഗോൾ രഹിതമായിരുന്നു. ഈ മാസം ഏഴാം തീയതിയാണ് ഫൈനൽ നടക്കുക. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ വൈകിട്ട് 6 മുതൽ ആകും മത്സരം.