ചരിത്രം കുറിച്ച് ദക്ഷിണ കൊറിയ U-20 ലോകകപ്പ് ഫൈനലിൽ

Newsroom

പോളണ്ടിൽ നടക്കുന്ന അണ്ടർ 20 ലോകകപ്പിന്റെ ഫൈനൽ ഉറപ്പിച്ച് ദക്ഷിണ കൊറിയ. ഇന്ന് നടന്ന രണ്ടാം സെമി ഫൈനലിൽ ഇക്വഡോറിനെ മറികടന്നാണ് കൊറിയ ഫൈനലിൽ എത്തിയത്. ആവേശകരമായ മത്സരത്തിൽ ഏക ഗോളിനായിരുന്നു കൊറിയയുടെ വിജയം. മത്സരത്തിന്റെ 39ആം മിനുട്ടിൽ ചോയ് ജുൻ ആണ് ഇക്വഡോറിന്റെ ഹൃദയം തകർത്ത ഗോൾ നേടിയത്.

കളിയിൽ ഉടനീളം മികച്ച അറ്റാക്ക് ഇക്വഡോർ നടത്തിയെങ്കിലും ഇക്വഡോറിന് കൊറിയൻ ഡിഫൻസിനെ ഭേദിക്കാനായില്ല. കൊറിയൻ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനലാണിത്. ഫൈനലിൽ ഉക്രൈനെ ആണ് കൊറിയ നേരിടുക. ഇറ്റലിയെ തോൽപ്പിച്ചായിരുന്നു ഉക്രൈൻ ഫൈനലിൽ എത്തിയത്.