സമ്മർദങ്ങളിൽ തകരാതെ എത്രകാലം പോകുമെന്ന ചോദ്യത്തിന് കിരീടത്തിൽ മുത്തമിടുന്നത് വരെ എന്ന് മാഞ്ചസ്റ്റർ സിറ്റി നൽകിയ മറുപടിയായിരുന്നു ഇന്നത്തെ മത്സരം. ലെസ്റ്റർ സിറ്റി നൽകിയ വലിയ സമ്മർദ്ദത്തെയും പെപ് ഗ്വാർഡിയോളയുടെ ടീം അതിജീവിച്ചു. ഇന്ന് വിജയിച്ചില്ലെങ്കിൽ കിരീടം നഷ്ടപ്പെടും എന്ന് ഏതാണ്ട് ഉറപ്പായിരുന്ന മാഞ്ചസ്റ്റർ സിറ്റി ലെസ്റ്റർ സിറ്റിയെ തോൽപ്പിച്ചത് ഏക ഗോളിനായിരുന്നു.
ആ ഏക ഗോൾ ആവട്ടെ പ്രീമിയർ ലീഗ് കിരീടം നേടാൻ മാത്രം മികച്ച ഒരു ഗോളും. മാഞ്ചസ്റ്റർ സിറ്റിയുടെ വെറ്ററൻ താരവും ക്യാപ്റ്റനുമായ വിൻസന്റ് കൊമ്പനിയുടെ ബൂട്ടിൽ നിന്നായിരുന്നു ആ ഗോൾ വന്നത്. കളിയിൽ എന്തൊക്കെ ചെയ്തിട്ടും ഗോൾ വലയിൽ പന്തെത്തിക്കാ കഴിയാതെ കഷ്ടപ്പെടുകയായിരുന്ന മാഞ്ചസ്റ്റർ സിറ്റിയുടെ രക്ഷകനാവുകയായിരുന്നു കൊമ്പനി. ഗോൾ പോസ്റ്റിനും 30 വാരെ അകലെ നിന്ന് കമ്പനി തൊടുത്ത ഷോട്ട് വല തുളച്ചെന്ന് പറയാം. അത്ര കരുത്തുറ്റ ഷോട്ടായിരുന്നു അത്. 70ആം മിനുട്ടിൽ പിറന്ന ആ ഗോൾ മത്സരത്തിന്റെ വിധി എഴുതി.
ആ ഗോളിന് മറുപടി നൽകാൻ ലെസ്റ്റർ സിറ്റിക്കായില്ല. മുൻ ലിവർപൂൾ പരിശീലകനായ ബ്രണ്ടൺ റോഡ്ജസ് മുഴുവൻ അറ്റാക്ക് നിരയെയും ഇറക്കി എങ്കിലും എഡേഴ്സണെ കീഴ്പ്പെടുത്തി സമനില ഗോൾ നേടാൻ അതുമതിയായിരുന്നില്ല. ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ വീണ്ടും ഒന്നാമത് എത്തി. മാഞ്ചസ്റ്റർ സിറ്റിക്ക് 95 പോയന്റും ലിവർപൂളിന് 94 പോയന്റുമാണ് ഇപ്പോൾ ഉള്ളത്.
ഇനി ആകെ ഒരു മത്സരം മാത്രമെ ബാക്കി ഉള്ളൂ. അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ബ്രൈറ്റണെയും ലിവർപൂൾ വോൾവ്സിനെയും ആണ് നേരിടുക. വിജയിച്ചാൽ കിരീടം ഒരിക്കൾ കൂടി മാഞ്ചസ്റ്റർ സിറ്റിയിൽ എത്തും.