ക്രിസ് ഗെയ്ൽ വെടിക്കെട്ടിൽ കൊൽക്കത്ത ചാരം, കിങ്‌സ് ഇലവൻ പഞ്ചാബിന് അനായാസ ജയം

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് അനായാസ ജയം. തന്റെ ഉഗ്രരൂപം പുറത്തെടുത്ത ക്രിസ് ഗെയ്‌ലിന്റെ വെടിക്കെട്ട് പ്രകടനമാണ് കിങ്‌സ് ഇലവൻ പഞ്ചാബിന് ജയം നേടിക്കൊടുത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയർത്തിയ 150 വിജയ ലക്‌ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് മറികടക്കുകയായിരുന്നു. ജയത്തോടെ കിങ്‌സ് ഇലവൻ പഞ്ചാബ് തങ്ങളുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

കൊൽക്കത്ത സ്കോർ മറികടക്കാൻ ഇറങ്ങിയ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടി ക്യാപ്റ്റൻ കെ.എൽ രാഹുലും മൻദീപ് സിങ്ങും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 47 റൺസാണ് കൂട്ടിച്ചേർത്തത്. കെ.എൽ രാഹുൽ 28 റൺസ് എടുത്താണ് പുറത്തായത്. തുടർന്ന് ക്രിസ് ഗെയ്ൽ ക്രീസിൽ എത്തിയതോടെ കൊൽക്കത്ത മത്സരം കൈവിടുകയായിരുന്നു. കൊൽക്കത്ത ബൗളർമാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കിയ ക്രിസ് ഗെയ്ൽ 29 പന്തിൽ 51 റൺസ് എടുത്ത് പുറത്താവുകയായിരുന്നു. 56 പന്തിൽ പുറത്താവാതെ 66 റൺസ് നേടിയ മൻദീപ് സിങ് ക്രിസ് ഗെയ്‌ലിന് മികച്ച പിന്തുണയാണ് നൽകിയത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 9 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് എടുത്തത്.