അതിശക്തം ഇന്ത്യ, കോഹ്‍ലിയുടെയും രഹാനെയുടെയും ചിറകില്‍ ഇന്ത്യ കുതിയ്ക്കുന്നു

Sports Correspondent

പെര്‍ത്തില്‍ ആദ്യത്തെ തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. 8/2 എന്ന നിലയില്‍ നിന്ന് ഇന്ത്യ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 172/3 എന്ന നിലയിലാണ്. സ്റ്റാര്‍ക്ക് 24 റണ്‍സ് നേടിയ പുജാരയെ പുറത്താക്കിയെങ്കിലും പിന്നീട് വിക്കറ്റ് നഷ്ടമില്ലാതെ ദിവസം അവസാനിപ്പിച്ച് കോഹ്‍ലിയും അജിങ്ക്യ രഹാനെയും ഇന്ത്യയെ സുരക്ഷിത തീരങ്ങളിലേക്ക് നയിച്ചു.

മൂന്നാം വിക്കറ്റില്‍ 74 റണ്‍സ് നേടിയ ശേഷം വിരാട് കോഹ്‍ലി-ചേതേശ്വര്‍ പുജാര കൂട്ടുകെട്ടിനെ തകര്‍ക്കുവാന്‍ ഓസ്ട്രേലിയയ്ക്ക് സാധിച്ചത്. നാലാം വിക്കറ്റില്‍ 90 റണ്‍സാണ് ഇന്ത്യയുടെ നായക-ഉപനായക കൂട്ടുകെട്ട് ഇതുവരെ നേടിയിട്ടുള്ളത്. 82 റണ്‍സുമായി കോഹ്‍ലിയും 51 റണ്‍സ് നേടി അജിങ്ക്യ രഹാനെയും ഇന്ത്യയെ മികച്ച നിലയില്‍ എത്തിയ്ക്കുകയാണുണ്ടായത്. ഓസ്ട്രേലിയയുടെ സ്കോറിനു 154 റണ്‍സ് പിന്നിലായാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്.

നേരത്തെ ഇഷാന്ത് ശര്‍മ്മയുടെ നാല് വിക്കറ്റിന്റെ ബലത്തില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് ഇന്ത്യ 326 റണ്‍സിനു അവസാനിപ്പിച്ചിരുന്നു.