ക്രിസ്റ്റിയാനോ റൊണാൾഡോയും ഡെർബികളും

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഇറ്റാലിയൻ ലീഗിൽ യുവന്റസ് ടൂറിനിൽ ടോറീനോയെ നേരിടും. സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ആദ്യ ടൂറിൻ ഡെർബിയാണ് ഇന്നത്തേത്. ഡെർബികളിൽ തിളങ്ങുന്ന താരമാണ് ക്രിസ്റ്റിയാനോ റൊണാൾഡോ. ഇതിനു മുൻപ് കളിച്ച ടീമുകളുടെ ഡെർബികളിൽ എല്ലാം റൊണാൾഡോ തിളങ്ങിയിട്ടുണ്ട്. മാഡ്രിഡ് ഡെർബിയിലെ റൊണാൾഡോയുടെ ഐതിഹാസികമായ പ്രകടനങ്ങൾ ആരാധകർ മറന്നു കാണില്ല.

റയൽ മാഡ്രിഡ് താരമായ റൊണാൾഡോ സിറ്റി റൈവലുകളായ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. 31 മാഡ്രിഡ് ഡെർബികളിൽ 15 ജയങ്ങളും എട്ടു സമനിലയും എട്ടു തോൽവിയുമാണ് റൊണാൾഡോ അടങ്ങിയ ടീമിന്റെ റെക്കോർഡ്. ഈ മത്സരങ്ങളിൽ രണ്ടു ചാമ്പ്യൻസ് ലീഗ് ഫൈനലുകളും അടങ്ങും. 22 തവണയാണ് റൊണാൾഡോ ഗോളടിച്ചത്. എട്ടു ഗോളുകൾക്ക് വഴിയൊരുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഇതിൽ രണ്ടു തവണ ഹാട്രിക് പ്രകടനവും പോർച്ചുഗീസ് ഇതിഹാസം നേടി.

2003-09 വരെ 11 മാഞ്ചസ്റ്റർ ഡെർബികളിൽ റൊണാൾഡോ പങ്കെടുത്തു. ഏഴുജയവും മൂന്നു പരാജയവും ഒരു സമനിലയും ക്രിസ്റ്റിയാനോ ഉൾപ്പെട്ട യുണൈറ്റഡ് ടീം നേടി. ഈ മത്സരങ്ങളിൽ നിന്നായി നാല് ഗോളും രണ്ടു അസിസ്റ്റും അദ്ദേഹം നേടി. സ്പോർട്ടിങ് സിപിയുടെ യൂത്ത് അക്കാദമി പ്രൊഡക്ടായ ക്രിസ്റ്റിയാനോ ഒരു ലിസ്ബൺ ഡെർബിയിൽ മാത്രമേ പങ്കെടുത്തുള്ളൂ. ബെൻഫിക്കയോട് 2-0 തോൽവിയാണു അന്ന് സ്പോർട്ടിങ് ഏറ്റുവാങ്ങിയത്. ഇറ്റാലിയൻ ഡെർബിബിയിൽ റൊണാൾഡോ അടങ്ങിയ യുവന്റസ് ടീം ഇന്റർ മിലാനെ ഒരു ഗോളിന് പരാജയപ്പെടുത്തിയിരുന്നു. തുടർച്ചയായ രണ്ടാം ഡെർബി വിജയമാണ് യുവന്റസും റൊണാൾഡോയും ഇന്ന് ലക്‌ഷ്യം വെക്കുന്നത്.