കെ എഫ് എ നടത്തുന്ന കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ടിലെ ഇന്നത്തെ മത്സരത്തിൽ കൊച്ചി സിറ്റി എഫ് സിക്ക് വിജയം. ഇന്ന് ഐഫ കൊപ്പം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ യുണൈറ്റഡ് എഫ് സി കൊച്ചിയെ അണ് കൊച്ചി സിറ്റി പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു കൊച്ചി സിറ്റിയുടെ വിജയം. തുടക്കത്തിൽ തന്നെ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു കൊച്ചി സിറ്റിയുടെ തിരിച്ചുവരവ്. കൊച്ചി സിറ്റി ഇന്ന് നേടിയ ഒരോ ഗോളും ഒന്നിനൊന്ന് മെച്ചമായിരുന്നു.
മത്സരം ആരംഭിച്ച് 6ആം മിനുട്ടിൽ തന്നെ യുണൈറ്റഡ് എഫ് സി കൊച്ചി ലീഡ് എടുത്തു. ഇടതു വിങ്ങിൽ നിന്ന് കിട്ടിയ ഫ്രീകിക്ക് ഒരു ഫെഡറിലൂടെ ക്ലിൻസെന്റ് ആണ് വലയിൽ എത്തിച്ചത്. ഈ ഗോളിൽ നിന്ന് കരകയറാൻ കൊച്ചി സിറ്റി കുറച്ച് സമയം എടുത്തു. 29ആം മിനുട്ടിൽ ഒരു പന്ത് ക്ലിയർ ചെയ്യാൻ പെനാൾട്ടി ബോക്സ് വിട്ട് എത്തിയ യുണൈറ്റഡ് എഫ് സി ഗോൾകീപ്പർ ഗോൾ ലൈനിൽ നിന്ന് സ്ഥാനം തെറ്റിയത് മുതലെടുത്ത് ഒരു തകർപ്പൻ ഷോട്ടിലൂടെ വിഗ്നേശ്വരൻ വലയിൽ എത്തിച്ചു. സ്കോർ 1-1.
രണ്ടാം പകുതിയിൽ വലതു വിങ്ങിൽ നിന്ന് ലഭിച്ച ഒരു ക്രോസ് ഫിനിഷ് ചെയ്ത് കൊണ്ട് അലസാനെ കൊച്ചി സിറ്റിയെ മുന്നിൽ എത്തിച്ചു. സ്കോർ 2-1. 91ആം മിനുട്ടിൽ പിറന്ന കൊച്ചി ഐറ്റിയുടെ മൂന്നാം ഗോളായിരുന്നു കളിയിലെ ഏറ്റവും മികച്ച ഗോൾ. ബാദുഷ ആണ് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഗംഭീര ഗോൾ നേടിയത്. തുടക്കത്തിൽ ചെസ്റ്റ് കൊണ്ട് പന്ത് നിയന്ത്രിച്ച ശേഷമായിരുന്നു മനോഹരമായി ബാദുഷ പന്ത് വലയിലേക്ക് തുളച്ചു കയറ്റിയത്.
നാളെ നടക്കുന്ന മത്സരത്തിൽ ലോർഡ്സ് എഫ് എ ഐഫയെ നേരിടും.