വിജയ് ഹസാരെ ട്രോഫിയുടെ ക്വാര്‍ട്ടറില്‍ അനായാസ ജയം സ്വന്തമാക്കി ഡല്‍ഹി. ഹരിയാനയുടെ സ്കോറായ 229 റണ്‍സ് 39.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് സെമിയില്‍ കടന്നത്. ഗൗതം ഗംഭീറിന്റെ തകര്‍പ്പന്‍ ശതകമാണ് ടീമിന്റെ വിജയത്തിനു അടിത്തറയായത്. 16 ബൗണ്ടറിയുള്‍പ്പെടെ 72 പന്തില്‍ നിന്നാണ് ഗംഭീറിന്റെ ശതകം. ധ്രുവ് ഷോറെ(50), നിതീഷ് റാണ(37) എന്നിവരും മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ക്ക് മികച്ച പിന്തുണ നല്‍കി. ഹരിയാനയ്ക്കായി രാഹുല്‍ തെവാത്തിയ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹരിയാനയെ 49.1 ഓവറില്‍ ഡല്‍ഹി ഓള്‍ഔട്ട് ആക്കുകയായിരുന്നു. ചൈതന്യ ബിഷ്ണോയി(85), പ്രമോദ് ചന്ദില(59) എന്നിവര്‍ മാത്രമാണ് ഹരിയാന നിരയില്‍ റണ്‍സ് കണ്ടെത്താനായവര്‍. കുല്‍വന്ത് ഖജ്രോലിയ 6 വിക്കറ്റ് നേടിയപ്പോള്‍ നവ്ദീപ് സൈനി മൂന്ന് വിക്കറ്റ് നേടി ടീമിനു മികച്ച ബൗളിംഗ് തുടക്കമാണ് നല്‍കിയത്.