മൂന്നാം മത്സരത്തില്‍ കേരളത്തിനു തോല്‍വി, ഐപിഎല്‍ താരത്തിന്റെ മികവില്‍ ഡല്‍ഹിയ്ക്ക് ജയം

Sports Correspondent

സയ്യദ് മുഷ്താഖ് അലി ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ കേരളത്തിനു പരാജയം. ആദ്യ മത്സരത്തില്‍ മണിപ്പൂരിനെയും രണ്ടാം മത്സരത്തില്‍ ആന്ധ്രയെയും കീഴടക്കിയ കേരളത്തിനു ഡല്‍ഹിയോട് തോല്‍വിയായിരുന്നു ഫലം. വിനൂപ് ഷീല മനോഹരന്‍(38), സച്ചിന്‍ ബേബി(37) എന്നിവര്‍ മാത്രം ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ കേരളം 139 റണ്‍സാണ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത് നേടിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയ്ക്കായി ഐപിഎല്‍ താരം നിതീഷ് റാണ 36 പന്തില്‍ നിന്ന് പുറത്താകാതെ 52 റണ്‍സ് നേടി വിജയം ഒരുക്കുകയായിരുന്നു. ഉന്മുക്ത് ചന്ദ്(33), ഹിതേന്‍ ദലാല്‍(28) എന്നിവരും നിര്‍ണ്ണായക പ്രകടനം പുറത്തെടുത്തു. വിജയ സമയത്ത് റാണയ്ക്ക് കൂട്ടായി ഹിമ്മത് സിംഗ് 19 റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.