അവസാന മിനുട്ടിൽ പെനാൾട്ടി നഷ്ടമാക്കി, കേരള പോലീസ് സെമിയിൽ പുറത്ത്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67ാമത് ബി എന്‍ മല്ലിക് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളിന്റെ ഫൈനലില്‍ നിലവിലുള്ള ചാംപ്യന്മാരായ ബിഎസ്എഫും സിആര്‍പിഎഫും ഏറ്റുമുട്ടും. ഫൈനല്‍ മറ്റന്നാൾ 7.30ന് നടക്കും. ഇതുവരെയുള്ള കളികളില്‍ നിന്നും വ്യത്യസ്ഥമായി കേരളം നിരവധി അവസരങ്ങള്‍ തുലച്ചു. അവസാന മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയും മുന്‍ ചാംപ്യന്മാര്‍ക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. കളിയുടെ 13-ാംമിനിറ്റില്‍ ഇന്ദ്രജീത് ആണ് കേരള പോലീസിനൈ കണ്ണീരിലാഴത്തിയ വിജയ ഗോള്‍ നേടിയത്. പ്രതിരോധനിരയിലെ ആശയക്കുഴപ്പം മൂലം ലഭിച്ച ലൂസ് ബോളിലൂടെയാണ് സിആര്‍പിഎഫ് ഗോള്‍ നേടിയത്.

കേരള പോലീസിന് ആദ്യ പകുതിയില്‍ തന്നെ ഗോള്‍ വീണതതോടെ ടീമിന്റെ വീര്യം ചോര്‍ന്നു. പലപ്പോഴും എതിരാളികള്‍ സ്വന്തം കാലില്‍ നിന്നും പന്ത് തട്ടിയെടുക്കുന്നതായിരുന്നു ആദ്യപകുതിയിലെ കാഴ്ച. എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിച്ച് മുന്നേറി. എന്നാല്‍ ലക്ഷ്യം നേടാനായില്ല. രണ്ടാം പകുതിയുടെ അവസാനത്തില്‍ മുന്നേറ്റം എതിരാളികളുടെ കാലിലേക്കും മറ്റും അടിച്ചു തുലച്ചു. അവസാന മിനിററില്‍ ഷനൂപിനെ വീഴ്ത്തിയതിന് പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ കിക്കെടുത്ത ശരത്‌ലാല്‍ പുറത്തേക്കടിച്ചു തുലച്ചു.

സിആര്‍പിഎഫ് താരങ്ങള്‍ അനാവശ്യമായി ഗ്രൗണ്ടില്‍ വീണ് കിടന്നത് കളിക്ക് തടസ്സം നേരിട്ടുവെങ്കിലും വളന്റിയര്‍മാര്‍ അവസരോചിത ഇടപെടലിലൂടെ താരങ്ങളെ മാറ്റുകയായിരുന്നു. കെ ഫിറോസ് പരിക്ക് മൂലം കളിക്കാതിരുന്നത് ടീമിനെ ദോഷകരമായി ബാധിച്ചിരുന്നു. ജിംഷാദിനെ മാറ്റി ഐ എം വിജയനും കളത്തിലിറങ്ങിയെങ്കിലും രക്ഷയുണ്ടായില്ല. പലപ്പോഴും അവസരങ്ങള്‍ തുലക്കുന്നത് ടീമില്‍ നിന്നും മികച്ച പ്രകടനം പ്രതീക്ഷിച്ചെത്തിയ കാണികളെ നിരാശരാക്കി.

ഇന്ന് നടന്ന ആദ്യ സെമിഫൈനലില്‍ ബിഎസ്എഫ് ഏകപക്ഷീയമായ ഒരു ഗോളിന് പഞ്ചാബ് പോലീസിനെ തോല്‍പിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ 37-ാം മിനിറ്റില്‍ അവിനാഷ്ഥാപ്പ നേടിയ എണ്ണം പറഞ്ഞ ഗോളിനാണ് ബിഎസ്എഫ് നിലവിലെ റണ്ണേഴ്സായ പഞ്ചാബ പോലിസനെ മുട്ടുകുത്തിച്ചത്. ഥാപ്പയുടെ ബുള്ളറ്റ് ഹെഡ്ഡര്‍ പഞ്ചാബ് ഗോള്‍കീപ്പര്‍ സത്ബീര്‍ സിംങ് കാണും മുമ്പെ വലയിലെത്തി. ഒരു ഗോളില്‍ തൂങ്ങി നില്‍ക്കാനാണ് ബിഎസ്എഫ് ഇടവേളക്ക ശേഷം ശ്രമിച്ചു. ഇത് പഞ്ചാബ് പരമാവധി മുതലെടുത്തു. എന്നാല്‍ രണ്ട് തുറന്ന അവസരങ്ങള്‍ ലഭിച്ച ജഗദീപ് സിങ്ങ് ഉയര്‍ത്തിയടിച്ച് തുലച്ചു. ഗോള്‍ ഭീഷണിഉയര്‍ത്തിയ പല ക്രോസുകളും കീപ്പര്‍ ഒഴിവാക്കി. പഞ്ചാബ് ലീഗിലെ ബദ്ധവൈരികളായ ഇരുടീമുകളും ഇടക്കിടെ പരുക്കന്‍ കളികളും പുറത്തെടുത്തു.

മറ്റന്നാൾ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ കേരള പോലീസ് സിഐഎസ്എഫിനെ നേരിടും.