ആതിഥേയത്വം കൊണ്ടും കൊടുത്തും, ഫുട്‌ബോള്‍ നടത്തിപ്പിന് വഴി കാട്ടിയായി മലപ്പുറവും കേരള പോലീസും 

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി ഫ്‌ളഡ്‌ലൈറ്റില്‍ മൂന്ന് സ്റ്റേഡിയങ്ങളടക്കം നാല് വേദികളിലായി 37 ടീമുകള്‍ ഗ്രൂപ്പ് തലം തൊട്ട് മത്സരിച്ച് ബി എന്‍ മല്ലിക് ചാംപ്യന്‍ഷിപ്പ് മലപ്പുറത്ത് കെങ്കേമമാക്കിയപ്പോള്‍ കേരള പോലീസിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ്. 67-ാമത് ചാംപ്യന്‍ഷിപ്പാണ് സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ ജില്ലയായ മലപ്പുറത്ത് സമാപിച്ചത്. കഴിഞ്ഞ ജനുവരി 28നാണ് ജില്ലയിലെ പാണ്ടിക്കാട്,നിലമ്പൂര്‍,ക്ലാരി തുടങ്ങിയ എംഎസ്പിയുടെ കീഴിലുള്ള ഗ്രൗണ്ടുകളിലും മലപ്പുറം കോട്ടപ്പടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ടിലും ഫുട്‌ബോള്‍ മത്സരം ആരംഭിച്ചത്. എട്ടു ഗ്രൂപ്പുകള്‍ തിരിച്ചാണ് മത്സരം നടന്നത്. ആദ്യ ദിനത്തില്‍ നാലു മത്സരങ്ങളാണ് നടന്നത്. പാണ്ടിക്കാട് ഐആര്‍ബിഎന്‍ ഗ്രൗണ്ടില്‍ സിഐഎസ്എഫും ആര്‍പിഎഫും തമ്മിലും ക്ലാരി ആര്‍ആര്‍ആര്‍എഫ് ഗ്രൗണ്ടില്‍ മിസോറാമും രാജസ്ഥാനും തമ്മിലും 6.30ന് ഒരേസമയം നടന്നതായിരുന്നു ഉദ്ഘാടന മത്സരം.

ഗ്രൂപ്പു തലങ്ങളില്‍ 68 മത്സരങ്ങളാണ് നടന്നത്.  നോക്കൗട്ട് തലത്തില്‍ പ്രീക്വാര്‍ട്ടര്‍ മുതല്‍ ലൂസേഴ്‌സ് ഫൈനലും കലാശക്കളിയുമടക്കം 16 മത്സരങ്ങളും നടന്നു. മൊത്തം 84 മത്സരങ്ങളാണ് കളിക്കാര്‍ക്കോ നാട്ടുകാര്‍ക്കോ മറ്റോ യാതൊരു പ്രയാസങ്ങളുമുണ്ടാവാതെ വളരെ ഭംഗിയായി വിജയിപ്പിച്ചിരിക്കുന്നത്.   എല്ലാവര്‍ഷവും അതാത് സംസ്ഥാനങ്ങള്‍ തങ്ങളുടെ മാത്രം സ്വാധീനമുപയോഗിച്ച് സ്വന്തം ടീമിനെ വിജയിപ്പിച്ചെടുക്കാനുള്ള വേദിയാക്കുമ്പോഴാണ്  കേരള പോലീസ് നിലവാരമുള്ളതും പക്ഷപാതിത്വം കാണിക്കാത്ത റഫറിയിങ്ങും നടത്തി മേളയുടെ വിജയത്തിന് കൊഴുപ്പേകിയിരിക്കുന്നത്.  

67 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമാവും ഇത്തരത്തില്‍ ആദ്യം മുതല്‍ അവസാനം വരെ വളരെ വര്‍ണ്ണാഭമായ ചടങ്ങുകള്‍ സംഘടിപ്പിച്ച് ടൂര്‍ണമെന്റ് വിജയിപ്പിച്ചെടുക്കുന്നത്. സംസ്ഥാന ഡിജിപിക്ക് ഇത്തരത്തില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ അനുമതി ലഭിച്ചപ്പോള്‍ അത് സംഘടിപ്പിക്കാന്‍ അര്‍ഹത ഫുട്‌ബോളിന്റെ നാടായ മലപ്പുറമാണെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തോടെയാണ് ആതിഥേയരാവാന്‍ ജില്ലക്ക് ഭാഗ്യം ലഭിച്ചത്. ടൂര്‍ണമെന്റ് വിജയത്തിനായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ ചീഫ് പാട്രനും നോര്‍ത്ത് എഡിജിപി അനില്‍കാന്ത്, ചെയര്‍മാനും തൃശ്ശൂര്‍ റേഞ്ച് ഐജി എം ആര്‍ അജിത്കുമാര്‍,കോഴിക്കോട് ജില്ലാ പോലീസ് ചീഫ് കോറി സഞ്ചയ്കുമാര്‍ ഗുരുദിന്‍(വൈ.ചെയര്‍മാന്‍മാര്‍),മലപ്പുറം എസ്പി പ്രതീഷ്‌കുമാര്‍ (ഓര്‍ഗ.സെക്രട്ടറി) ആര്‍ആര്‍ആര്‍എഫ് കമാന്‍ഡന്റ് യു ഷറഫലി (ജോ.ഓര്‍ഗനൈസിങ് സെക്രട്ടറി)എന്നിവരുടെ നേതൃത്വത്തിലുള്ള വിശാലമായ സബ്കമ്മിറ്റികളുമാണ് വിജയിപ്പിച്ചെടുക്കുന്നതില്‍ കഠിനാധ്വാനം നടത്തിയത്.

ടൂര്‍ണമെന്റിന്റെ ഭാഗമായി 37 ടീമുകളുടെ ഭക്ഷണം ഒരുക്കിയ ബഡാ ഖാനയും ഉദ്ഘാടന ദിവസം പതാക ഉയര്‍ത്തലും അവസാന ദിവസം പതാക താഴ്ത്തലും നടത്തി. തുടക്കവും ഒടുക്കവും വെടിക്കെട്ടിലൂടെ വര്‍ണഭംഗിയിലൂടെ മാര്‍ച്ച് പാസ്റ്റും സംഘടിപ്പിച്ചു. കേരളം സെമിഫൈനലില്‍ പുറത്തായെങ്കിലും ആതിഥേയത്വം വഹിക്കാന്‍ കേരളമല്ലാതെ മറ്റൊരു സംസ്ഥാനവുമില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.  ജനുവരി 28ന് തുടങ്ങിയ ചാംപ്യന്‍ഷിപ്പ് തയ്യാറാക്കിയ ഷെഡ്യുളില്‍ നിന്നും അരമണി  തൂക്കം പോലും വ്യത്യാസമില്ലാതെ മത്സരത്തിനോ സമയത്തിനോ യാതൊരു മാറ്റവും പ്രകടമാവാതെ ഫെബ്രുവരി ഏഴിന് തന്നെ സമാപിച്ചിരിക്കുകയാണ്. മുന്‍ പോലീസ് ഫുട്‌ബോള്‍ താരങ്ങളായ ഐ എം വിജയന്‍, കെ ടി ചാക്കോ, കുരികേശ് മാത്യു, ഹബീബ് റഹ്മാന്‍, പി ടി മെഹബൂബ്, എ സക്കീര്‍, സുല്‍ഫീക്കര്‍, സുധീര്‍കുമാര്‍, എസ് സുനില്‍, എന്നിവരും മുഴുസമയം സജീവസാന്നിധ്യമായത് ഫുട്‌ബോളിനോടുള്ള ആത്മാര്‍ത്ഥതയാണെന്നത് സംശയമില്ലാതെ തന്നെ വ്യക്തം. ഇതിനൊക്കെ പുറമെ ജില്ലയിലെ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷനും ക്ലബ്ബുകളും സജീവമായിരുന്നു.

ചാംപ്യന്‍ഷിപ്പില്‍ കന്നി കിരീട നേട്ടം കൊയ്ത സിആര്‍പിഎഫും റണ്ണേഴ്‌സായ ബിഎസ്എഫും മൂന്നാം സ്ഥാനക്കാരായ പഞ്ചാബ് പോലീസും നാലാം സ്ഥാനക്കാരായ ആതിഥേയരും മേളയുടെ വിജയത്തിന് കൂടുതല്‍ മാറ്റ് കൂട്ടി.  തിങ്ങി നിറഞ്ഞ കാണികള്‍ ഓരോ മത്സരങ്ങളും മനസ്സിരുത്തി ആസ്വദിച്ചു. ഇത്രയും നിറഞ്ഞ ഗ്യാലറിയും ബി എന്‍ മല്ലിക് ചാംപ്യന്‍ഷിപ്പിന്റെ ചരിത്രത്തിലാദ്യമാണ്. കേരള പോലീസില്ലാതിരുന്നിട്ടും ഫൈനലിനും കാണികള്‍ക്ക് യാതൊരു കുറവുമുണ്ടായിട്ടില്ല. ബ്രിട്ടീഷ് പട്ടാളത്തിനോട് ഏറ്റുമുട്ടിയ മലബാറുകാര്‍ക്ക് വീണ്ടും ഒരു പട്ടാള ഫൈനലിന് സാക്ഷിയാവാനും ഭാഗ്യമുണ്ടായി.

സാധാരണ മറ്റു സംസ്ഥാനങ്ങളില്‍ കടുത്ത വെയ്‌ലിലും തണുപ്പിലും കളിപ്പിക്കുന്നതാണ് നിലിവിലുണ്ടായിരുന്ന അവസ്ഥ ഇതില്‍ നിന്നും കേരളത്തിലെ ടൂര്‍ണമെന്റ് ഒട്ടേറെ മാറ്റമാണ് വന്നതെന്ന് സിആര്‍പിഎഫ് താരങ്ങള്‍ പറഞ്ഞു. കളിക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവിതിരിക്കാനാണ് ഓര്‍ഗനെസിങ് ക്മ്മിറ്റി രാവിലെയും വൈകിട്ടും മത്സരം വെച്ചത്. അതു കൊണ്ട് തന്നെ ഒരു ടീമുകള്‍ക്കും കടുത്ത ചൂടില്‍ കളിക്കേണ്ട അവസ്ഥ വന്നിട്ടില്ല. പലയിടങ്ങളിലും റഫറിമാര്‍ സ്വാധീനത്തിന് വഴങ്ങി മത്സരം മാറ്റി മറിക്കുന്നത് ചാംപ്യന്‍ഷിപ്പിന്റെ ദുരന്തമായിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പരാതിയും മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് മിസോറാം-ബിഎസ്എഫ് മത്സരത്തില്‍ ബിഎസ്എഫിന് അനുകൂലമായി രണ്ട് പെനാല്‍റ്റി നല്‍കിയത് മൂലം നാഗാലാന്റ് റഫറി അന്ന് മര്‍ദ്ദനത്തില്‍ ഭാഗ്യം കൊണ്ടാണ് ജീവന്‍ കിട്ടിയത്. അന്ന് റഫറി ഓരോ മത്സരത്തിനും പ്രത്യേക പ്രതിഫലം  ബിഎസ്എഫ് വാഗ്ദാനം ചെയ്ത വിവരം അറിഞ്ഞതോടെയാണ് മിസോറം താരങ്ങള്‍ റഫറിയെ  കൈകാര്യം ചെയ്തത്. പേര് വെളിപ്പെടുത്താന്‍ താല്‍പര്യമില്ലാത്ത ഒരു മിസോറാം താരം പറഞ്ഞു. 

ദേശീയ തലത്തിലുള്ള 37 ഫുട്‌ബോള്‍ ടീമുകളും വളരെ സന്തോഷത്തോടെയാണ് കേരളത്തോട് വിട പറഞ്ഞത്. ഇനിയും പോലീസ് ചാംപ്യന്‍ഷിപ്പുകള്‍ മലപ്പുറത്ത് തന്നെ വരട്ടേയെന്ന പ്രാര്‍ത്ഥനയും വിവിധ കോച്ചുമാര്‍ തങ്ങളുടെ മനസ്സില്‍ കുറിച്ചു കഴിഞ്ഞു. ദേശീയ തലത്തിലുള്ള മത്സരങ്ങള്‍ മലപ്പുറത്തേക്ക് ഇനിയും വരുമെന്ന തലയാട്ടലും ടീമംഗങ്ങളില്‍ പ്രകടമായി.