ജയം ലക്ഷ്യമാക്കി കേരളം, 8 വിക്കറ്റ് കൈവശം, നേടേണ്ടത് 159 റണ്‍സ്

Sports Correspondent

തലേദിവസത്തെ സ്കോറായ 285/8 എന്ന നിലയില്‍ ഹിമാച്ചല്‍ പ്രദേശ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ കേരളത്തിനു വിജയിക്കുവാന്‍ 297 റണ്‍സ്. വിജയം ലക്ഷ്യമാക്കി കേരളം മികച്ച രീതിയില്‍ മുന്നേറി അവസാന ദിവസം ആദ്യ സെഷന്‍ അവസാനിച്ചപ്പോള്‍ 138/2 എന്ന നിലയിലാണ്. 67 റണ്‍സുമായി നില്‍ക്കുന്ന വിനൂപ് മനോഹരനും 22 റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയുമാണ് ക്രീസില്‍ നില്‍ക്കുന്നത്. 14 റണ്‍സ് നേടി രാഹുലും 23 റണ്‍സ് നേടിയ സിജോമോന്‍ ജോസഫിന്റെയും വിക്കറ്റുകളാണ് കേരളത്തിനു നഷ്ടമായത്.

സീസണില്‍ തകര്‍ച്ചയ്ക്ക് പേരുകേട്ട കേരളത്തിന്റെ ബാറ്റിംഗിനെ വിശ്വസിക്കാനാകില്ലെങ്കിലും കേരളം ജയത്തിനായി തന്നെയാണ് ബാറ്റ് വീശുന്നത്. നാലിനു മുകളില്‍ റണ്‍റേറ്റോടു കൂടിയാണ് കേരള ഇന്നിംഗ്സ് മുന്നോട്ട് പോകുന്നത്. എന്നാല്‍ പലപ്പോളും കാണുന്ന പോലെ മികച്ച നിലയില്‍ നിന്ന് തകര്‍ന്നടിയുന്നതാണ് കേരളത്തിന്റെ ഈ സീസണിലെ ബാറ്റിംഗ് പരാജയത്തിന്റെ ഉദാഹരണം.

ആദ്യ ഇന്നിംഗ്സിലും ലീഡ് നേടാവുന്ന നിലയില്‍ നിന്നാണ് കേരളം ഓള്‍ഔട്ട് ആവുന്നത്. സീസണില്‍ പല മത്സരങ്ങളിലും സമാനമായ സ്ഥിതിയില്‍ മത്സരം കേരളം കൈവിട്ടിട്ടുണ്ട്.