കൊച്ചിയിലെ ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിക്കെതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എൽ അഞ്ചാം സീസണിലെ തങ്ങളുടെ മൂന്നാം ലീഗ് മത്സരത്തിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങും. മോശം ഫോമിനാൽ തപ്പിതടയുന്ന ഡെൽഹി ഡൈനാമോസ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് എതിരാളികൾ. സീസൺ മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡെൽഹിയെ തോൽപ്പിച്ച് കൊണ്ട് തങ്ങളുടെ ആദ്യ ഹോം ജയം സ്വന്തമാക്കാനാകും ഇന്ന് ഇറങ്ങുക.

ഇതുവരെ കളിച്ച രണ്ട് മത്സരങ്ങളും മികച്ച പ്രകടനമാണ് ഡേവിഡ് ജെയിംസിന്റെ ശിഷ്യന്മാർ കാഴ്ചവെച്ചത്. ആദ്യ മത്സരത്തിൽ എ ടി കെ കൊൽക്കത്തയെ പരാജയപ്പെടുത്തിയിരുന്ന കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ നിർഭാഗ്യത്തിനാൽ മാത്രമാണ് വിജയിക്കാതിരുന്നത്. മുംബൈക്ക് എതിരെ അവസാന നിമിഷത്തിലായിരുന്നു ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങിയത്.

അറ്റാക്കിംഗും മിഡ്ഫീൽഡും ഡിഫൻസും ഒക്കെ ഒരു പോലെ മികച്ചു നിക്കുകയാണ് എന്നതു കൊണ്ട് തന്നെ മാറ്റങ്ങൾ ഒന്നും ഇല്ലാതെയാകും കേരള ബ്ലാസ്റ്റേഴ്സ് ഇന്നും ഇറങ്ങുക. മറുവശത്ത് എ ടി കെയോട് പരാജയപ്പെട്ട് കൊച്ചിയിലേക്ക് വണ്ടി കയറിയ ഡെൽഹി നിരയിൽ മാറ്റങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. സ്ട്രൈക്കർ കലുവിദരോവിച് ഇന്ന് ബെഞ്ചിലേക്ക് പോയേക്കും.

കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമെ ഇതുവരെ ഡെൽഹി ഡൈനാമോസിന് ഉള്ളൂ. ഇത് ജോസഫ് ഗോമ്പാവു എന്ന ഡെൽഹിയുടെ പുതിയ പരിശീലകനെ സമ്മർദ്ദത്തിൽ ആക്കുന്നുമുണ്ട്. ഇന്ന് വൈകിട്ട് 7.30നാണ് മത്സരം നടക്കുക. ഇന്ന് വിജയിച്ചാൽ കേരള ബ്ലാസ്റ്റേഴ്സിന് ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് എത്താം.