ഇന്ന് ഐ എസ് എല്ലിൽ വാശിയേറെ ഉള്ള പോരാട്ടമാണ്. കലൂർ സ്റ്റേഡിയത്തിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വൈരികളായ ബെംഗളൂരു എഫ് സി ആണ് എത്തുന്നത്. കേവലം രണ്ട് മത്സരങ്ങളെ ഇരുടീമുകളും തമ്മിൽ കളിച്ചിട്ടുള്ളൂ എങ്കിലും രണ്ട് ആരാധക കൂട്ടങ്ങളും കൂടെ ഇത് ഐ എസ് എല്ലിലെ തന്നെ ഏറ്റവും വാശിയേറിയ മത്സരമാക്കി മാറ്റിയിട്ടുണ്ട്. ലീഗിൽ ഇതുവരെ പരാജയം അറിയാത്ത രണ്ടു ടീമുകളുടെ പോരാട്ടം കൂടിയാകും ഇന്ന്.
കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ തോറ്റിട്ടില്ല എങ്കിലും കളിച്ച അഞ്ചു മത്സരങ്ങളിൽ നാലും സമനില ആയിരുന്നു. അതുകൊണ്ട് തന്നെ അത്ര മികച്ച ഫോമിലാണ് കേരളം എന്ന് പറയാൻ പറ്റില്ല. മറുവശത്ത് ബെംഗളൂരു എഫ് സി മികച്ച ഫോമിലാണ്. കളിച്ച നാലു മത്സരങ്ങളിൽ മൂന്ന് ജയവും ഒരു സമനിലയുമാണ് ബെംഗളൂരു എഫ് സിയുടെ സമ്പാദ്യം.
കഴിഞ്ഞ സീസണിൽ രണ്ടു തവണ ഇരുടീമുകളും കളിച്ചപ്പോഴും ജയം ബെംഗളൂരുവിനായിരുന്നു. അഞ്ചു ഗോളുകളും രണ്ട് മത്സരങ്ങളിൽ നിന്നായി ബെംഗളൂരു കേരള വലയിൽ അടിച്ചിരുന്നു. ഈ അഞ്ചിൽ മൂന്ന് ഗോളുകളും അടിച്ച മികു ഇന്നും കേരള ഡിഫൻസിന് വലിയ തലവേദനയാകും. സുനിൽ ഛേത്രിയും ബെംഗളൂരു നിരയിൽ മികച്ച ഫോമിലാണ്.
നിറഞ്ഞ ഗ്യാലറിയുടെ പിന്തുണ ഇന്നും കേരള ബ്ലാസ്റ്റേഴ്സിനുണ്ടാകും. എന്നാൽ കേരളത്തിന്റെ ഹോം റെക്കോർഡും നല്ലതല്ല. അവസാന എട്ടു മത്സരങ്ങളിൽ 2 തവണ മാത്രമെ കലൂരിൽ കേരള ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ ആയിട്ടുള്ളൂ. ഇന്ന് കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ആകും ഡേവിഡ് ജെയിംസ് ഇറങ്ങുക. സിറിൽ കാലി ഇന്നും ഡിഫൻസിൽ തുടർന്നേക്കും.
ഇന്ന് വൈകിട്ട് 7.30നണ് മത്സരം നടക്കുക.