ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ ഒക്ടോബർ 7ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയും ഈസ്റ്റ് ബംഗാളും നേർക്കുനേർ വരികയാണ്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ തിരികെയെത്തുന്ന മത്സരം. കഴിഞ്ഞ സീസണിൽ ഇവാൻ വുകമാനോവിചിന്റെ കീഴിൽ ടീം നടത്തിയ വലിയ പ്രകടനങ്ങൾ ഗ്യാലറിയിൽ ഇരുന്ന് കാണാൻ ആവാതിരുന്ന ആരാധകർ കാത്തിരുന്ന മത്സരമായിരുന്നു ഈ ഐ എസ് എൽ ഓപ്പണർ.
ഇന്നലെ മത്സരത്തിനായുള്ള ടിക്കറ്റുകൾ എത്തി. നിമിഷ നേരം കൊണ്ട് ഈസ്റ്റ് ഗ്യാലറി വിറ്റി തീർന്നു. പിന്നാലെ ഈസ്റ്റ് ഗ്യാലറിയും സൗത്ത് ഗ്യാലറിലും നോർത്ത് ഗ്യാലറിയും വിറ്റു തീർന്നു. ആരാധകർക്ക് ഈ ക്ലബിനോടുള്ള സ്നേഹം മുമ്പ് തന്നെ വ്യക്തമായത് കൊണ്ട് തന്നെ ടിക്കറ്റുകൾ ഇത്ര വേഗത്തിൽ വിറ്റു തീരും എന്നതിൽ യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
എന്നാൽ ആരാധകരിൽ പലരും ടിക്കറ്റ് വില കണ്ട് ഒന്ന് പകച്ചു കാണും. 2 സീസൺ മുമ്പ് കലൂരിൽ കളി കണ്ടപ്പോൾ ഉണ്ടായതിനേക്കാൾ എറെ അധികം ആണ് ഇപ്പോൾ ടിക്കറ്റ് നിരക്ക്. ആരാധകർ ഏറ്റവും കൂടുതൽ കളി കാണാൻ ഇഷ്ടപ്പെടുന്ന ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും ഇത്തവണ 399 രൂപയാണ് ടിക്കറ്റ് നിരക്ക്. കൺവീനിയൻസ് ഫീ ഒക്കെ ആകുമ്പോൾ അത് 450ലേക്ക് അടുക്കുന്നു. ഉദ്ഘാടന മത്സരം ആയത് കൊണ്ടാകുമോ ഈ വില? മുൻ സീസണുകളൊൽ ഉദ്ഘാടന മത്സരങ്ങൾക്ക് 50 രൂപ അധികം ഈടാക്കാറുണ്ടായുരുന്നു. അന്ന് പക്ഷെ അത് കൂട്ടിയാലും ആകെ 300 രൂപയെ ടിക്കറ്റിനാവുമായിരുന്നുള്ളൂ.
2019 സീസണിൽ ഈസ്റ്റ് ഗ്യാലറിയും വെസ്റ്റ് ഗ്യാലറിയും 250 രൂപ ആയിരുന്നു സാധാരണ മാച്ച് ഡേയിലെ നിരക്ക്. സൗത്ത് ഗ്യാലറിയും നോർത്ത് ഗ്യാലറിയും 200 രൂപയും. ഇന്ന് സൗത്ത് ഗ്യാലറിയും നോർത്ത് ഗ്യാലറിയും 299 രൂപയിലേക്ക് മാറി. മുമ്പ് 400 രൂപ ആയിരുന്നു കസേര ടിക്കറ്റുകൾ 499 രൂപയും ആയി മാറി.
ഈ കഴിഞ്ഞ ഐ എസ് എൽ ഫൈനലിൽ ഫതോർഡ സ്റ്റേഡിയത്തിൽ ഗ്യാലറി ടിക്കറ്റുകൾക്ക് 99 രൂപയും 150 രൂപയും മാത്രമെ ടിക്കറ്റ് നിരക്കുകൾ ഉണ്ടായിരുന്നു എന്നത് ശ്രദ്ധിക്കണം. കേരള ബ്ലാസ്റ്റേഴ്സ് അവസാന സീസണിൽ മികച്ച പ്രകടനം നടത്തിയത് കൊണ്ട് തന്നെ ടിക്കറ്റ് റേറ്റ് എത്ര ആയാലും ആരാധകർ കയറും എന്ന ഉറപ്പാണോ ക്ലബ് ഈ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താൻ കാരണം എന്ന് ചില ആരാധകർ എങ്കിലും ചോദിക്കുന്നു. മുമ്പ് 2016ൽ ഈസ്സ് വെസ്റ്റ് ഗ്യാലറി ടിക്കറ്റുകളുടെ വില വർധിപ്പിച്ചപോൾ ഉണ്ടായ പ്രതിഷേധം ഇപ്പോൾ ആരാധകരിൽ നിന്ന് ഉയരാത്തതും ക്ലബ് നല്ല ഫുട്ബോൾ കളിക്കുന്നു എന്നതാകും.
സീസൺ ഓപ്പണർ ആയത് കൊണ്ടാകാം ഈ നിരക്ക് എന്നും അടുത്ത മത്സരം മുതൽ വില കുറയും എന്നുമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.