ഡൂറണ്ട് കപ്പ്: കേരള ബ്ലാസ്റ്റേഴ്സ് സമനിലയുമായി തുടങ്ങി
ഡ്യൂറണ്ട് കപ്പ്: ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ സമനില കൊണ്ട് തൃപ്തിപ്പെട്ടു. ഇന്ന് സുദേവ ഡെൽഹിയെ നേരിട്ട ബ്ലാസ്റ്റേഴ്സ് യുവനിര 1-1 എന്ന സമനിലയാണ് വഴങ്ങിയത്.
ഇന്ന് ഗുവാഹത്തിയിൽ സുദേവ ആയിരുന്നു മികച്ച രീതിയിൽ കളി തുടങ്ങിയത്. ബ്ലാസ്റ്റേഴ്സ് യുവനിര തുടക്കത്തിൽ പന്ത് കാലിൽ വെക്കാൻ പ്രയാസപ്പെട്ടു. ഈ സമയത്ത് സുദേവ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. കാർത്തികിന്റെ ഒരു ഗോളെന്ന് ഉറച്ച ശ്രമം കേരള ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ സച്ചിൻ തടയുന്നത് കാണാൻ ആയി.
ഇതിനു ശേഷം കേരള ബ്ലാസ്റ്റേഴ്സ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. രണ്ട് നല്ല അവസരങ്ങൾ ഗോളാകാതെ മാറി എങ്കിലും ബ്ലാസ്റ്റേഴ്സിന്റെ 42ആം മിനുട്ടിലെ നീക്കം ഗോളായി മാറി. ഗൗരവ് നൽകിയ ത്രൂ പാസ് സ്വീകരിച്ച് അജ്സാൽ മുഹമ്മദ് ആണ് ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി.
ഈ ലീഡ് രണ്ട് മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. ഹാഫ് ടൈമിന് തൊട്ടു മുമ്പ് കുക്കിയുടെ ഒരു ഇടം കാലൻ സ്ട്രൈക്ക് സുദേവക്ക് സമനില നൽകി. ആദ്യ പകുതി 1-1 എന്ന നിലയിൽ അവസാനിച്ചു.
രണ്ടാം പകുതിയിൽ ഇരു ടീമുകളും അവസരങ്ങൾ സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. ഓഗസ്റ്റ് 23ന് ഒഡീഷ എഫ് സിക്ക് എതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. റിസേർവ്സ് ടീമാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഡൂറണ്ട് കപ്പിൽ പങ്കെടുക്കുന്നത്