കേരള പ്രീമിയർ ലീഗിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് റിലഗേഷൻ. ഇന്ന് കേരള പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ കോവളം എഫ് സി ലിഫയെ പരാജയപ്പെടുത്തിയതോടെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ റിലഗേഷൻ ഉറപ്പായത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കോവളത്തിന്റെ ഇന്നത്തെ വിജയം.
ഒരു മത്സരം കൂടെ കേരള ബ്ലാസ്റ്റേഴ്സിന് ബാക്കി ഉണ്ടെങ്കിലും റിലഗേഷൻ ഒഴിവാക്കാൻ ആകില്ല. കോവളത്തിനെക്കാൾ പോയിന്റ് നേടിയാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് റിലഗേഷൻ ഒഴിവാക്കാൻ ആകുമായിരുന്നുള്ളൂ.
ഇന്ന് കോവളം വിജയിച്ചതോടെ അവർക്ക് 10 മത്സരങ്ങളിൽ നിന്ന് 10 പോയിന്റായി. കേരള ബ്ലാസ്റ്റേഴ്സിന് 9 മത്സരങ്ങളിൽ നിന്ന് 6 പോയിന്റ് ആണുള്ളത്. അവസാന മത്സരം വിജയിച്ചാലും ബ്ലാസ്റ്റേഴ്സിന് 9 പോയിന്റ് മാത്രമെ ആവുകയുള്ളൂ. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം എം എ കോളേജും ഗ്രൂപ്പ് ബിയിൽ നിന്ന് റിലഗേറ്റാകും. ലിഫയ്ക്ക് കേരള ബ്ലാസ്റ്റേഴ്സിനെക്കാൾ കുറവ് പോയിന്റ് മാത്രമേ ഉള്ളൂ എങ്കിലും അവർ കോർപ്പറേറ്റ് എൻട്രി ആയതിനാൽ അവർക്ക് ഈ സീസണിൽ റിലഗേഷനിൽ ഉണ്ടാകില്ല. ഇതും ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായി.
റിലഗേറ്റ് ആയ ടീമുകൾ അടുത്ത സീസണിൽ കേരള പ്രീമിയർ ലീഗ് യോഗ്യത റൗണ്ട് കളിച്ച് ജയിച്ച് വേണം തിരികെ കെ പി എല്ലിലേക്ക് വരാൻ.