കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാറ്റങ്ങളിൽ ചുക്കാൻ പിടിച്ച സ്പോർടിങ് ഡയറക്ടർ കരോലിസ് സ്കിങ്കിസ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ മികവിന് കാരണം നേരത്തെ തുടങ്ങിയ പ്രീസീസൺ ആണെന്ന് പറഞ്ഞു. ഇ എസ് പി എന്നിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കരോലിസ്. ഇന്ത്യയിൽ രണ്ട് ഫുട്ബോൾ സീസണുകളിൽ തമ്മിൽ വലിയ ദൂരമാണ്. ഇത് കളിക്കാരെ ഫുട്ബോൾ ഇല്ലാതെ നിർത്തുകയും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ഇന്ത്യൻ ഫുട്ബോളിന് നല്ലതല്ല എന്നും അദ്ദേഹം പറഞ്ഞു.
താൻ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയ ആദ്യ സീസണിൽ ഞങ്ങൾക്ക് ഒരുങ്ങാൻ സമയം ലഭിച്ചിരുന്നില്ല. അത് തിരിച്ചടിയായി. അതാണ് ഇത്തവണ നേരത്തെ തുടങ്ങിയത്. ഇത്ര നേരത്തെ പ്രീസീസൺ ആരംഭിച്ചത് പലരെയും അത്ഭുതപ്പെടുത്തി കാണും. എന്നാൽ അതായിരുന്നു ശരി. അദ്ദേഹം പറഞ്ഞു. നീണ്ട കാലത്തെ പ്രീസീസൺ ആണ് ബിജോയിയെ പോലുള്ള ഒരു താരത്തെ ഫസ്റ്റ് ടീമിലേക്ക് എത്തിച്ചത് എന്നും സ്കിങ്കിസ് പറഞ്ഞു.
അടുത്ത സീസണിൽ ടീമിന് കൂടുതൽ വ്യക്തത ഉണ്ടാകും. ഇത് ഇവാന്റെ ആദ്യ സീസൺ ആയിരുന്നു. ഇപ്പോൾ ലീഗിനെ കുറിച്ച് അദ്ദേഹത്തിന് കൂടുതലായി അറിയാം. സ്കിങ്കിസ് പറഞ്ഞു. ഇനി സ്ഥിരതയാണ് പ്രധാനം. ടീമിന് മുന്നോട്ട് പോകാൻ ആവശ്യമായ മാറ്റങ്ങൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.