കേരള ബ്ലാസ്റ്റേഴ്സിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെടുന്ന ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്സിനോട് വിടപറയുന്നതായി സൂചന. അവസാന കുറച്ചു ദിവസങ്ങളായി ക്ലബും ഇയാൻ ഹ്യൂമും തമ്മിൽ നടന്ന ചർച്ചയ്ക്ക് ഒടുവിൽ ബ്ലാസ്റ്റേഴ്സിൽ തുടരേണ്ടതില്ല എന്ന് ഹ്യൂം തീരുമാനിച്ചതായാണ് വിവരങ്ങൾ. ഒപ്പം ഇന്ന് ഹ്യൂമിന്റെ ഫേസ് ബുക്ക് പേജിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതായി ആദ്യം പോസ്റ്റ് വന്നു എങ്കിലും പിന്നീട് അത് നീക്കം ചെയ്യപ്പെടുകയും ചെയ്തു.
ഇത് ഇയാൻ ഹ്യൂം ക്ലബ് വിടുന്നതായി ആരാധകരെ അറിയിക്കാനുള്ള നീക്കമായാണ് ആരാധകർ കരുതുന്നത്. കഴിഞ്ഞ വർഷം കേരള ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ ഹ്യൂം പക്ഷെ പരിക്ക് കാരണം നിരവധി മത്സരങ്ങൾ പുറത്തിരിക്കേണ്ടി വന്നിരുന്നു. സീസൺ അവസാനവും ഒപ്പം സൂപ്പർ കപ്പും ഇയാൻ ഹ്യൂമിന് നഷ്ടപ്പെട്ടിരുന്നു. ഇപ്പോഴും ആ പരിക്കിൽ നിന്ന് ഹ്യൂം തിരിച്ചുവരുന്നെ ഉള്ളൂ.
വാർത്ത ഇനിയും ഔദ്യോഗികം അല്ലായെങ്കിലും ഹ്യൂം ക്ലബ് വിടും എന്നു തന്നെയാണ് സൂചനകൾ. ഐ എസ് എല്ലിൽ 59 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം ബ്ലാസ്റ്റേഴ്സ് വിട്ടാലും ഐ എസ് എല്ലിൽ തന്നെ തുടരാനും സാധ്യതയുണ്ട്. രണ്ട് സീസണുകളിലായി കേരളത്തിനായി 10 ഗോളുകൾ ഇയാൻ ഹ്യൂം നേടിയിട്ടുണ്ട്. ഒരു സീസണിൽ കൂടെ ബ്ലാസ്റ്റേഴ്സിനെ നയിക്കാനുള്ള കഴിവ് ഇയാൻ ഹ്യൂമിന് ഉണ്ടെന്നു കരുതുന്ന ആരാധകർ ഹ്യൂമിന്റെ തീരുമാനത്തിൽ അവസാനം ഒരു ട്വിസ്റ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial