പുതു ഉണർവിൽ ഡൽഹിയുടെ തണുപ്പിൽ പൊരുതി കയറാൻ കേരള ബ്ലാസ്റ്റേഴ്‌സ് 

yaseen

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ കോച്ച് ഡേവിഡ് ജെയിംസിന്റെയും ജനുവരിയിൽ ടീമിലെത്തിയ കിസീറ്റോയുടെയും കഴിഞ്ഞ മത്സരത്തിന്റെ മികച്ച പ്രകടനത്തിന്റെ പുതു ഉണർവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡൽഹി ഡൈനാമോസിനെ നേരിടും. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം.

തന്ത്രത്തിലും താരങ്ങളെ ഫലപ്രദമായി പ്രയോഗിക്കുന്നതിലും പരാജയപ്പെട്ടു എന്ന് പറയുന്ന മുൻ കോച്ച് റെനെ മുളൻസ്റ്റീൻ രാജി വെച്ച് പകരം വന്ന ജെയിംസിന് കഴിഞ്ഞ മത്സരത്തിൽ കരുത്തരായ എതിരാളികളായ പുനെ എഫ് സിയെ തളക്കാനും മത്സരത്തിന് പുതിയ ഭാവവും വേഗതയും ഒത്തിണക്കവും ഉണ്ടാക്കാനും കഴിഞ്ഞിരുന്നു. സൂപ്പർതാരം ഇയാൻ ഹ്യുമും യുവ താരങ്ങളായ പെകുസണും സിഫിനോസുമെല്ലാം തങ്ങളുടെ തനതായ ശൈലിയിൽ എതിരാളികൾക്ക് മേലെ പൊരുതിക്കയറുന്ന കാഴ്ചയാണ് കഴിഞ്ഞ മത്സരത്തിൽ പുനെക്കെതിരെ രണ്ടാം പകുതിയിൽ നാം കണ്ടത്. ഒപ്പം പുതിയ താരം കിസീറ്റോ പന്തടക്കം കൊണ്ടും പാസിംഗ് കൊണ്ടും കൂടെ നിന്നപ്പോൾ എതിരാളികളുടെ പ്രതിരോധത്തിൽ ഒരുപാട് വിള്ളലുണ്ടാക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാതിരുന്ന സി.കെ വിനീത് പരിക്ക് മാറിയെങ്കിലും ആദ്യ പതിനൊന്നിൽ കളിക്കുമെന്ന് ഉറപ്പില്ലെന്ന് കഴിഞ്ഞ ദിവസം കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞിരുന്നു. അതെ സമയം വിലക്ക് കാരണം കഴിഞ്ഞ മത്സരത്തിൽ പുറത്തിരുന്ന ലാകിച് പെസിച് ടീമിലെത്തുമെന്നാണ് കരുതപ്പെടുന്നത്. പെസിച് ടീമിലെത്തുമെങ്കിൽ പ്രതിരോധ നിരയിൽ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം പെസിചിന് പകരക്കാരനായി വെസ് ബ്രൗൺ ആണ് പ്രതിരോധ നിരയിൽ കളിച്ചത്. കഴിഞ്ഞ മത്സരത്തിൽ വീണ്ടും പരിക്കേറ്റ് പുറത്തു പോയ റിനോ ആന്റോയുടെ സാന്നിധ്യവും ഇന്ന് സംശയമാണ്. കഴിഞ്ഞ മത്സരത്തിൽ രണ്ടാം പകുതിയിലിറങ്ങി മത്സരത്തിന്റെ ഗതി മാറ്റിയ കിസിറ്റോ ഇന്ന് ആദ്യ ഇലവനിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. സ്വന്തം ഗ്രൗണ്ടിൽ ഇതുവരെ ഒരു  ജയിക്കാൻ ഡൽഹി ഡൈനാമോസിന് ആവാത്തതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.

മറുഭാഗത്ത് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തുള്ള ഡൽഹി ഒന്നും നഷ്ട്ടപ്പെടാനില്ലാതെ പൊരുതാൻ തന്നെയാകും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിൽ ഈ സീസണിൽ മികച്ച ഫോമിൽ ഉള്ള ചെന്നൈ എഫ് സി യെ സമനിലയിൽ തളച്ചതിന്റെ ആത്മ വിശ്വാസം അവർക്കുണ്ട്. അവസാന നിമിഷത്തിൽ ചെന്നൈ പോസ്റ്റിലേക്ക് അടിച്ച ഗോളിന്റെ ഊർജം വിട്ടുമാറാതെ സ്വന്തം കാണികൾക്കു മുന്നിൽ ഒരു വിജയത്തോടെ ലീഗിന്റെ  പോയിന്റ് പട്ടികയിൽ മുന്നേറ്റം നടത്താനാകും അവരുടെ ശ്രമം. അതെ സമയം ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ വഴങ്ങിയ പ്രതിരോധമാണ് ഡൽഹിയുടേത്. ബ്ലാസ്റ്റേഴ്സിനെതിരെ മികച്ച ഫലം ലഭിക്കാൻ പ്രതിരോധം മികച്ച ഫോമിലെത്തിയെ തീരു എന്ന് ഡൽഹി കോച്ച് മിഗുവേൽ പോർച്ചുഗലിന് അറിയാം.

എട്ടു മത്സരങ്ങളിൽ നിന്ന് 8 പോയിന്റുമായി ലീഗിൽ എട്ടാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. എട്ടു മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി ലീഗിൽ അവസാന (10) സ്ഥാനത്താണ് ഡൽഹി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial