ഗോവയിലും കേരള ബ്ലാസ്റ്റേഴ്സിന് തോൽവി തന്നെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

മികച്ച ഫോമിൽ തുടരുന്ന ഗോവയോട് തോൽവിയേറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. ഏകപക്ഷീയമായ മൂന്ന്  ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് തോറ്റത്. പ്രതിരോധത്തിൽ അനസ് എടത്തൊടിക മറക്കാനാഗ്രഹിക്കുന്ന ഒരു മത്സരം കൂടിയായിരുന്നു ഇത്. ആദ്യ രണ്ടു ഗോളുകളും അനസിന്റെ പിഴവിൽ നിന്നാണ് പിറന്നത്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കണ്ടെത്തലായ സഹലിന് ഇന്ന് ഫോം കണ്ടെത്താനാവാതെ പോയതും കേരളത്തിന്റെ തോൽവിയുടെ ആഘാതം കൂട്ടി. ജയത്തോടെ ഗോവ ബെംഗളുരുവിനെ മറികടന്ന് ഐ.എസ്.എല്ലിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.

ആദ്യ പകുതിയുടെ തുടക്കം മുതൽ കേരള ബ്ലാസ്റ്റേഴ്‌സ് ബോക്സിലായിരുന്നു ഗോവയുടെ കളി. പലപ്പോഴും മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ജാക്കിചന്ദ് സിംഗിനെ പ്രതിരോധിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് കഷ്ട്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. ജാക്കിചന്ദ് സിംഗിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചതും കേരള ബ്ലാസ്റ്റേഴ്സിന് തുണയായി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഗോവൻ വലയിൽ പന്ത് എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ റീ പ്ലേയിൽ ഓഫ് സൈഡ് അല്ല എന്ന് വളരെ വ്യക്തമായിരുന്നു. തൊട്ടടുത്ത മിനുട്ടിൽ തന്നെ ഗോവ ഗോൾ നേടി കേരളത്തെ ഞെട്ടിക്കുകയും ചെയ്തു. ബ്രണ്ടൻ ഫെർണാഡസിന്റെ പെർഫെക്റ്റ് ക്രോസിന് തലവെച്ച് കോറോമിനാസ് ആണ് ഗോൾ നേടിയത്.

ആദ്യ ഗോൾ വഴങ്ങി അധികം കഴിയാതെ തന്നെ ഗോവ രണ്ടാമത്തെ ഗോളും നേടി. അനസ് എടത്തൊടികയുടെ മോശം ബാക് പാസ് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഗോൾ കീപ്പർ ധീരജിന്റെ ശ്രമം കോറോയുടെ കയ്യിൽ പന്ത് എത്തിക്കുകയും കോറോ നലകിയ പന്ത് എഡു ബെഡിയ ഗോളകുകയുമായിരുന്നു. രണ്ടാം പകുതിയിൽ കുറച്ച് ശ്രദ്ധയോടെ കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം തുടങ്ങിയെങ്കിലും എഡു ബെഡിയയുടെ പാസിൽ നിന്ന് പകരക്കാരനായി ഇറങ്ങിയ ഹ്യൂഗോ ബൗമൗസ് ഗോവയുടെ മൂന്നാമത്തെ ഗോൾ നേടുകയായിരുന്നു. തുടർന്നും ഗോവ ഗോൾ നേടാൻ ശ്രമിച്ചെങ്കിലും ഭാഗ്യവും പോസ്റ്റും കേരളത്തിന്റെ തുണക്കെത്തുകയായിരുന്നു.