കേരള നമ്പർ വൺ!! കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എല്ലിന്റെ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. ഇന്ന് ഐ എസ് എല്ലിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുക ആയിരുന്ന ഹൈദരബാദ് എഫ് സി തോൽപ്പിച്ച് ആണ് ഇവാൻ വുകമാനോവിചിന്റെ ടീം ടേബിളിന്റെ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. എതിരില്ലാത്ത ഒരു ഗോളിന് ആയിരുന്നു വിജയം. ആല്വാരോ വാസ്കസിന്റെ അത്ഭുത ഗോൾ ആണ് വിജയം നൽകിയത്.
മികച്ച രീതിയിലാണ് ആദ്യ പകുതിയിൽ തന്നെ രണ്ടു ടീമുകളും കളിച്ചത്. തുടർ ആക്രമണങ്ങൾ ആണ് കാണാൻ കഴിഞ്ഞത്. മത്സരത്തിന്റെ ഏഴാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്ന് ഹൈദരാബാദിന് മികച്ച അവസരം ലഭിച്ചു. ഗാർസിയ എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങി. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ നല്ല അവസരം വന്നത് 23ആം മിനുട്ടിൽ ആണ് വന്നത്. വലതു വിങ്ങിൽ നിന്ന് ഹോർമിപാം നൽകിയ ക്രോസ് ഡിയസ് ഒരു ഡൈവിങ് ഹെഡറിലൂടെ ഗോളിലേക്ക് തിരിച്ചുവിട്ടു. പക്ഷെ കട്ടിമണിയുടെ ലോക നിലവാരമുള്ള സേവ് ഹൈദരബാദിനെ രക്ഷിച്ചു.
അതിനു ശേഷം ലൂണയുടെ ഒരു ക്രോസിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിന് നല്ല അവസരം ലഭിച്ചു. ലൂണയുടെ ക്രോസ് മനോഹരമായി സഹൽ നിയന്ത്രിച്ചു എങ്കിലും സഹൽ നൽകിയ പാസ് പൂടിയക്ക് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇതിനു ശേഷവും ബ്ലാസ്റ്റേഴ്സ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഫലം ഉണ്ടായില്ല. അവസാനം 43ആം മിനുട്ടിൽ ഒരു ലോങ് ത്രോയിൽ നിന്ന് ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. ഖാബ്രയുടെ ത്രോ സഹൽ പിറകിലേക്ക് ഹെഡ് കൊണ്ട് ഫ്ലിക്ക് ചെയ്ത് നൽകി. അത് വാസ്കസ് ഒരു വോളിയിലൂടെ വലയിൽ എത്തിച്ചു. താരത്തിന്റെ സീസണിലെ നാലാം ഗോളാണിത്.
രണ്ടാം പകുതിയിൽ ഹൈദരബാദ് കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. ഇത് കേരള ബ്ലാസ്റ്റേഴ്സിന്റെ അറ്റാക്കിനും നിരവധി അവസരങ്ങൾ നൽകി. കേരളത്തിന് കിട്ടിയ ഒരു ഫ്രീകിക്ക് വാസ്കസ് ഗോൾ ലക്ഷ്യമാക്കി തൊടുത്തു എങ്കിലും ഇഞ്ചുകളുടെ വ്യത്യാസത്തിന് പുറത്ത് പോയി. അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാത്തതോടെ ഹൈദരബാദ് എഡു ഗാർസിയയെ പിൻവലിച്ച് സിവേരിയോയെ രംഗത്ത് ഇറക്കി.
79ആം മിനുട്ടിൽ സിവെറിയോയുടെ ഷോട്ട് ക്യാപ്റ്റൻ ജെസ്സൽ ഗോൾ ലൈനിൽ നിന്നാണ് ക്ലിയർ ചെയ്തത്. അവസാന നിമിഷങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് ഡിഫൻസിലേക്ക് ഊന്നി. കളി പരുക്കനാകുന്നതും കൂടുതൽ മഞ്ഞ കാർഡുകൾ പിറക്കുന്നതും കളിയുടെ അവസാന നിമിഷങ്ങളിൽ കണ്ടു. 97ആം മിനുട്ടിൽ വാസ്കസിന്റെ ഫ്രീകിക്ക് കട്ടിമണി കഷ്ടപ്പെട്ട് തടഞ്ഞത് കൊണ്ട് കേരളത്തിന് ലീഡ് ഇരട്ടിയാക്കാൻ ആയില്ല. എങ്കിലും അവസാനം വരെ പൊരുതി വിജയം ഉറപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് ആയി.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിന് 10 മത്സരങ്ങളിൽ നിന്ന് 17 പോയിന്റായി. മുംബൈ സിറ്റിക്കും 17 പോയിന്റ് ഉണ്ടെങ്കിലും മികച്ച ഗോൾ ഡിഫറൻസ് ബ്ലാസ്റ്റേഴ്സിനെ ഒന്നാമത് നിർത്തുന്നു. 16 പോയിന്റുള്ള ഹൈദരാബാദ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.