ഐ എസ് എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സിന് ചിരവൈരികളോടുള്ള പോരാട്ടമാണ്. ബെംഗളൂരു എഫ് സിയും കേരള ബ്ലാസ്റ്റേഴ്സും. ഡെർബി ആയി ഒക്കെ കൊണ്ടാടാൻ ശ്രമിച്ച ഈ വൈരികളെ പോരാട്ടത്തിന് ഇത്തവണ വലിയ ആവേശമൊന്നും ഇല്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ ഫോം വെച്ച് നാളെ വിജയമൊന്നും ആരും പ്രതീക്ഷിക്കുന്നില്ല. കടവും കലിപ്പും ഒന്നും ഒരിക്കലും തീർക്കാൻ കഴിയില്ലെ എന്ന ആശങ്കയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
ഇത് കേരള ബ്ലാസ്റ്റേഴ്സും ബെംഗളൂരു എഫ് സിയും തമ്മിലുള്ള നാലാമത്തെ പോരാട്ടം ആകും. ഇതുവരെ ബെംഗളൂരു എഫ് സിയെ തോൽപ്പിക്കാൻ പോയിട്ട് സമനില പിടിക്കാൻ വരെ കേരള ബ്ലാസ്റ്റേഴ്സിനായിട്ടില്ല. കളിച്ച മൂന്നു മത്സരങ്ങളും കേരളം പരാജയപ്പെടുകയായിരുന്നു. ഇനി ഈ സീസണിൽ കാര്യമായ പ്രതീക്ഷകൾ ഒന്നും ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സിന് നാളെ വിജയിച്ചാൽ ആരാധകർക്ക് ഇത്തിരി സന്തോഷം നൽകാൻ എങ്കിലും ആകും.
പുതിയ പരിശീലകൻ വിൻഗാഡയ്ക്ക് പെട്ടെന്ന് സ്വീകാര്യത കിട്ടാനും ഒരു മൂന്ന് പോയന്റ് സഹായിക്കും. കഴിഞ്ഞ മത്സരത്തിൽ ഡെൽഹിയോട് ദയനീയ പരാജയം ഏറ്റുവാങ്ങിയ ടീമിനെ കണക്കിന് വിൻഗാഡ വിമർശിച്ചിരുന്നു. നാളെ ആദ്യ ഇലവനിൽ നിരവധി മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ലീഗിലെ ഒന്നാം സ്ഥാനം നിലനിർത്താൻ വേണ്ടി ശ്രമിക്കുന്ന ബെംഗളൂരുവിൽ നിന്ന് ഒരു ദയയും കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പ്രതീക്ഷിക്കേണ്ടതില്ല. കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് ബെംഗളൂരു ആരാധകർക്ക് കൂടുതൽ സന്തോഷം നൽകാനാകും ഛേത്രിയും സംഘവും ശ്രമിക്കുക.