ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് വിജയ വഴിയിലേക്ക് തിരികെയെത്തി. ഇന്ന് ഈസ്റ്റ് ബംഗാളിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഈസ്റ്റ് ബംഗാളിന് എതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിജയമാണിത്. ഈ ജയത്തോടെ ടോപ് ഫോറിലേക്ക് തിരികെയെത്താൻ ബ്ലാസ്റ്റേഴ്സിന് ആയി.
ഇന്ന് ഒരുപാട് മാറ്റങ്ങൾ നടത്തേണ്ടി വന്നു എങ്കിലും ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആധിപത്യം ആണ് കണ്ടത്. പക്ഷെ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ കേരളത്തിന് ആയില്ല. 25ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ നേരെ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പറുടെ കൈകളിലേക്ക് പോയി.
ഇതിനു പിന്നാലെ 28ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ വലതു വിങ്ങിൽ നിന്ന് വന്ന ഒരു അറ്റാക്ക് സഹലിൽ എത്തി എങ്കിലും താരത്തിന്റെ ഷോട്ട് ടാർഗറ്റിലേക്ക് എത്തിയില്ല. രണ്ടാം പകുതിയിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ച് വിജയം സ്വന്തമാക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്.
49ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് അവസാനം കേരള ബ്ലാസ്റ്റേഴ്സ് ലീഡ് എടുത്തു. പൂട്ടിയ എടുത്ത കോർണർ ഈസ്റ്റ് ബംഗാൾ ഡിഫൻസിന്റെ മുകളിലൂടെ ഉയർന്ന് ചാടി സിപോവിച് ഹെഡ് ചെയ്ത് വലയിലേക്ക് എത്തിച്ചു. ഇത് കേരള ബ്ലാസ്റ്റേഴ്സിന് വലിയ് ആശ്വാസം നൽകി.
ഇതിനു ശേഷവും കേരള ബ്ലാസ്റ്റേഴ്സ് പതിവ് ഫോമിൽ എത്തിയില്ല എങ്കിലും വിജയം ഉറപ്പിക്കാൻ അവർക്കായി. ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ടോപ് 4ൽ തിരികെയെത്തി. 15 മത്സരങ്ങളിൽ 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 29 പോയിന്റുമായി ഒന്നാമതുള്ള ഹൈദരബാദിനെക്കാൾ ഒരു മത്സരം കുറവാണ് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത്. ഈസ്റ്റ് ബംഗാൾ ഇപ്പോഴും പത്താം സ്ഥാനത്താണ്.