എത്ര കാത്തിരുന്നു ഇതുപോലൊരു പ്രകടനം കാണാൻ!! കേരളത്തിന്റെ മനസ്സും മുംബൈയുടെ വലയും നിറച്ച് നമ്മുടെ കേരള ബ്ലാസ്റ്റേഴ്സ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ എസ് എല്ലിൽ കണ്ടത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ എത്രയോ കാലമായി ആഗ്രഹിച്ച കാത്തിരുന്ന പ്രകടനമാണ്. എല്ലാവരുടെയും ഗോൾ വല നിറച്ച് ലീഗിന്റെ തലപ്പത്ത് കുതിക്കുക ആയിരുന്ന മുംബൈ സിറ്റിയുടെ വല നിറച്ച പ്രകടനം. ഇന്ന് ഗോവയിൽ സമ്പൂർണ്ണ ആധിപത്യത്തോടെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്.

അറ്റാക്കിൽ രണ്ട് വിദേശ താരങ്ങളെ ഇറക്കി കളിച്ച കേരള ബ്ലാസ്റ്റേഴ്സ് 11ആം മിനുട്ടിൽ ഗോളിന് അടുത്ത് എത്തി. ഗ്രൗണ്ടിന്റെ മധ്യത്തിൽ നിന്ന് ആല്വാരോ വാസ്കസ് തൊടുത്ത ഷോട്ട് രക്ഷപ്പെടുത്താൻ മുംബൈക്ക് നവാസിന്റെ സേവും ഗോൾ പോസ്റ്റും വേണ്ടി വന്നു.

മുംബൈ സിറ്റിക്ക് അവസരം നൽകാതെ കളി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സ് 28ആം മിനുട്ടിൽ ലീഡ് എടുത്തു. പെനാൾട്ടി ബോക്സിൽ നിന്ന് ഡിയസ് നൽകിയ മികച്ച ബോൾ ഒരു പവർഫുൾ ഹാഫ് വോളിയിലൂടെ സഹൽ അബ്ദുൽ സമദ് വലയിൽ എത്തിച്ചു. സഹലിന്റെ ഈ സീസണിലെ രണ്ടാം ഗോളായി ഇത്. ഈ ഗോളിന് ശേഷം കളി കേരള ബ്ലാസ്റ്റേഴ്സ് തന്നെ നിയന്ത്രിച്ചു. രണ്ടാം പകുതിയിലും ഈ പ്രകടനം കേരള ബ്ലാസ്റ്റേഴ്സ് തുടർന്നു.

47ആം മിനുട്ടിൽ ജീക്സൺ സിംഗിന്റെ പാസിൽ നിന്ന് ലോക നിലവരത്തിലുള്ള ഒരു വോളിയിലൂടെ ആൽവാരോ വാസ്കസ് വലയിൽ എത്തിച്ചു. ഈ സീസൺ ഇതുവരെ കണ്ട ഏറ്റവും മികച്ച ഗോളിൽ ഒന്നായിരുന്നു ഇത്. ഇതിനു പിന്നാലെ 47ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സിന് പെനാൾട്ടിയും ലഭിച്ചു. ഫാൾ ആ ഫൗളിന് ചുവപ്പ് കാർഡ് കൂടെ വാങ്ങിയതോടെ മുംബൈ പരുങ്ങലിലായി. പെനാൾട്ടി എടുത്ത ഡയസ് പിഴവില്ലാതെ പന്ത് വലയിൽ എത്തിച്ച് കളി മുംബൈ സിറ്റിയിൽ നിന്ന് അകലത്തിലാക്കി.

കളിയിൽ ലീഡ് വർധിപ്പിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് നിരവധി അവസരം ലഭിച്ചു എങ്കിലും ക്ലിനിക്കൽ ആവാൽ ടീമിന് ആയില്ല. ഫോർവേഡ് ഡിയസിന് പരിക്കേറ്റതും പ്രശ്നമായി.

ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 9 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈ 15 പോയിന്റുമായി ഒന്നാമത് തന്നെ നിൽക്കുന്നു.