ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം. ഇന്ന് ജംഷദ്പൂരിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത മൂന്ന് ഗോളുകളുടെ പരാജയമാണ് ഏറ്റുവാങ്ങിയത്. രണ്ട് പെനാൾട്ടികൾ ആണ് കേരള ബ്ലാസ്റ്റേഴ്സിന് വിനയായത്.
ഇന്ന് ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും കാര്യമായി അവസരങ്ങൾ സൃഷ്ടിക്കാൻ ആയില്ല. നാലു മാറ്റങ്ങളുമായി ഇറങ്ങിയത് കൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന് പതിവ് താളം ലഭിച്ചിട്ടില്ല. ആദ്യ പകുതിയിൽ രണ്ട് ടീമുകളുടെയും പ്രതീക്ഷകൾ സെറ്റ് പീസുകളിൽ ആയിരുന്നു. 44ആം മിനുട്ടിൽ ധനചന്ദ്രെ ഗ്രെഗ് സ്റ്റുവർട്ടിനെ വീഴ്ത്തിയതിന് ജംഷദ്പൂരിന് പെനാൾട്ടി ലഭിച്ചു. സ്റ്റുവർട്ട് തന്നെ ആ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു.
അറ്റാക്കിൽ ഡിയസിന്റെ അഭാവം കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ പകുതിയിൽ അനുഭവപ്പെട്ടു. രണ്ടാം പകുതിയിൽ കേരള ബ്ലാസ്റ്റേഴ്സിന് കളിയിലേക്ക് തിരികെ വരാൻ ആകും മുമ്പ് ജംഷദ്പൂരിന് അനുകൂലമായ രണ്ടാം പെനാൾട്ടിയും വന്നു. ഇത്തവണ ലെസ്കോവിചിന്റെ ഒരു ടാക്കിൾ ആണ് പെനാൾട്ടി ആയത്. ഈ പെനാൾട്ടി ഒരു പനേങ്ക കിക്കിലൂടെ സ്റ്റുവർട്ട് ലക്ഷ്യത്തിൽ എത്തിച്ചു.
ഈ ഗോളോടെ തകർന്ന കേരള ബ്ലാസ്റ്റേഴ്സ് 54ആം മിനുട്ടിൽ ഒരു ഗോൾ കൂടെ വഴങ്ങി. ചിമയുടെ മനോഹരമായ സ്ട്രൈക്ക് ആണ് ജംഷദ്പൂരിന് മൂന്ന് ഗോൾ ലീഡ് നൽകിയത്. താരത്തിന്റെ മൂന്ന് മത്സരങ്ങളിൽ നിന്നുള്ള മൂന്നാം ഗോളാണിത്.കേരള ബ്ലാസ്റ്റേഴ്സിന് കളിയിൽ അധികം അവസരങ്ങൾ ഓലും സൃഷ്ടിക്കാൻ ആയില്ല.
ഈ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സിനെ മറികടന്ന് ജംഷദ്പൂർ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ജംഷദ്പൂർ 14 മത്സരങ്ങളിൽ നിന്ന് 25 പോയിന്റിൽ ആണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സിന് 23 പോയിന്റാണ് ഉള്ളത്.