പാലക്കാടിന്റെ കരുത്തുമായി കെസിഎല്‍ രണ്ടാം സീസണില്‍ നാല് താരങ്ങള്‍

Newsroom

Picsart 25 07 31 15 55 57 712
Download the Fanport app now!
Appstore Badge
Google Play Badge 1

പാലക്കാട്: പാലക്കാടിന്റെ കരുത്തുമായി നാല് താരങ്ങള്‍. സച്ചിന്‍ സുരേഷ്, അക്ഷയ് ടി കെ, വിഷ്ണു മേനോന്‍, അജിത് രാജ്. കെസിഎല്‍ രണ്ടാം സീസണില്‍ പാലക്കാടിന്റെ സാന്നിധ്യമായി അണിനിരക്കുന്നത് ഇവരാണ്. സച്ചിന്‍ സുരേഷും അജിത് രാജും കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിന് വേണ്ടിയിറങ്ങുമ്പോള്‍ വിഷ്ണു മേനോന്‍ തൃശൂരിനും അക്ഷയ് ടി കെ ആലപ്പി റിപ്പിള്‍സിനു വേണ്ടിയുമാണ് ഇറങ്ങുക.

വെടിക്കെട്ട് ബാറ്ററെന്ന നിലയില്‍ ശ്രദ്ധേയനായ താരമാണ് സച്ചിന്‍ സുരേഷ്. അടുത്തിടെ തിരുവനന്തപുരം എ ഡിവിഷന്‍ ക്രിക്കറ്റ് ലീഗ് മല്‌സരത്തിനിടെ ഒരു കേരള താരം നേടുന്ന, ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന ചരിത്ര നേട്ടത്തിന് സച്ചിന്‍ അര്‍ഹനായിരുന്നു. വെറും 197 പന്തുകളില്‍ നിന്ന് 334 റണ്‍സായിരുന്നു അന്ന് സച്ചിന്‍ നേടിയത്. 27 ബൌണ്ടറികളും 24 സിക്‌സും അടങ്ങുന്നതായിരുന്നു സച്ചിന്റെ ഇന്നിങ്‌സ്. സി കെ നായിഡു ട്രോഫിയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള സച്ചിന്‍ സെഞ്ച്വറിയും നേടിയിട്ടുണ്ട്. അടുത്തിടെ എന്‍എസ്‌കെ ട്രോഫിയില്‍ പത്തനംതിട്ടയ്‌ക്കെതിരെ പാലക്കാടിന് വേണ്ടി 52 പന്തുകളില്‍ നേടിയ 132 റണ്‍സും ശ്രദ്ധേയമായി.

ബാറ്റിങ് മികവിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടവരാണ് അക്ഷയ് ടി കെ, വിഷ്ണു മേനോന്‍ രഞ്ജിത് എന്നീ താരങ്ങളും. എന്‍എസ്‌കകെ ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചിട്ടുള്ള താരമാണ് അക്ഷയ് ടി കെ. കഴിഞ്ഞ സീസണില്‍ അണ്ടര്‍ 23 വിഭാഗത്തില്‍ ഉത്തരാഖണ്ഡിനെതിരെ സെഞ്ച്വറി നേടിയിരുന്നു. വെറും 89 പന്തുകളില്‍ 118 റണ്‍സായിരുന്നു അന്ന് നേടിയത്. ബൌളിങ്ങിലും തിളങ്ങാന്‍ കഴിയുന്ന അക്ഷയ് ഒരു ഓള്‍ റൌണ്ടര്‍ കൂടിയാണ്. ഒന്നര ലക്ഷത്തിന് ആലപ്പി റിപ്പിള്‍സ് അക്ഷയിനെ നിലനിർത്തുകയായിരുന്നു.

കൂറ്റന്‍ ഷോട്ടുകളിലൂടെ ഉജ്ജ്വല ഇന്നിങ്‌സുകള്‍ കാഴ്ച വച്ചിട്ടുള്ള താരമാണ് വിഷ്ണു മേനോന്‍. കേരള അണ്ടര്‍ 19 ടീമിന് വേണ്ടി കളിച്ചിട്ടുള്ള വിഷ്ണു കഴിഞ്ഞ എന്‍എസ്‌കെ ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. കോഴിക്കോടിനെതിരെ നേടിയ അതിവേഗ അര്‍ദ്ധ സെഞ്ച്വറിയായിരുന്നു ഇതില്‍ ഏറ്റവും ശ്രദ്ധേയം. വെറും 17 പന്തുകളില്‍ മൂന്ന് ഫോറുകളും ഏഴ് സിക്‌സുമടക്കം 60 റണ്‍സായിരുന്നു വിഷ്ണു നേടിയത്. 1.40 ലക്ഷത്തിന് തൃശൂരാണ് വിഷ്ണുവിനെ ലേലത്തിലൂടെ സ്വന്തമാക്കിയത്. ബൌളിങ് കരുത്തായി അജിത് രാജും പാലക്കാടിന്റെ സാന്നിധ്യമായി രണ്ടാം സീസണിലേക്കുണ്ട്. 75000 രൂപയ്ക്ക് കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സാണ് അജിത്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ എന്‍എസ്‌കെ ട്രോഫിയില്‍ ഭേദപ്പെട്ട പ്രകടനമായിരുന്നു ഇടംകൈ സ്പിന്നറായ അജിത്തിന്റേത്.