ഐ എസ് എല്ലിലെ ചാമ്പ്യന്മാരായ ഹൈദരബാദിന് എതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. ഹൈദരബാദിൽ മറുപടിയില്ലാത്ത ഒരു ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത് കഴിഞ്ഞ ഐ എസ് എൽ ഫൈനലിന്റെ ആവർത്തനമായിരുന്നു ഇന്ന് നടന്നത്. ഇത് ഹൈദരാബാദ് എഫ് സിയുടെ ഈ സീസണിലെ ആദ്യ പരാജയമാണ്.
ഇന്ന് ഹൈദരബാദിൽ വിജയ ടീമിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോവക്ക് എതിരെ എന്ന പോലെ അച്ചടക്കത്തോടെ ഓർഗനൈസ്ഡ് ആയ ഒരു ശൈലിയിൽ ആണ് കേരള ബ്ലാസ്റ്റേഴ് കളി തുടങ്ങിയത്. ആദ്യം ഹൈദരബാദ് എഫ് സി അവസരങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. പതിയെ അവസരങ്ങൾ മുതലെടുത്ത അറ്റാക്ക് ചെയ്യാനും തുടങ്ങി. മത്സരത്തിന്റെ 18ആം മിനുട്ടിലെ ലൂണയുടെ ഒരു ഡേഞ്ചറസ് ബോൾ കയ്യിൽ ഒതുക്കാൻ ഹൈദരാബാദ് ഗോൾ കീപ്പർക്ക് ആയില്ല. ഇത് മുതലെടുത്ത ദിമിത്രിയോസ് പന്ത് വലയിലേക്ക് എത്തിച്ചു.
ദിമിത്രിയോസ് ദയമന്തകോസിന്റെ മൂന്നാം ഗോളായി ഇത്. അവസാന രണ്ട് മത്സരങ്ങളിലും ദിമിത്രിയോസ് ഗോൾ നേടിയിരുന്നു. ഇതിനു ശേഷം ഒരു ഹെഡറിലൂടെ സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കുന്നതിന് അടുത്ത് എത്തി. ആദ്യ പകുതിയിൽ ദിമിത്രിയോസ് പരിക്കേറ്റ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകി. ദിമിത്രിയോസിന് പകരം ജിയോവനി അപോസ്തൊലിസ് കളത്തിൽ എത്തി.
ആദ്യ പകുതിയുടെ അവസാനം ഒഗ്ബെചെക്ക് കിട്ടിയ ഫ്രീ ഹെഡർ പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജിയാനുവിന്റെ ഒരു ഷോട്ടിൽ ഗോളിന് അടുത്ത് എത്തി എങ്കിലും അനുജ് തടഞ്ഞു.
67ആം മിനുട്ടിൽ രാഹുലിന്റെ ഷോട്ടും അനുജ് തടഞ്ഞു. ഹൈദരാബാദ് എഫ് സിക്ക് അവരുടെ മികച്ച ഫോമിലേക്ക് ഉയരാനെ ആയില്ല.
കേരള ബ്ലാസ്റ്റേഴ്സിന് ഇത് തുടർച്ചയായ മൂന്നാം വിജയമാണ്. ഈ ജയത്തോടെ 12 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. 16 പോയിന്റുമായി ഹൈദരബാദ് ആണ് ലീഗിൽ ഒന്നാമത് ഉള്ളത്.