കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ഒരു ഉപദേശവുമായി ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ എൽകോ ഷറ്റോരി. ആരാധകർ താരങ്ങളെ വിമർശിക്കുന്നതിൽ തെറ്റില്ല എന്നാൽ പരിധി വിടരുതെന്നാണ് പുതിയ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകകൂട്ടായ്മയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ളതാണ്. ആരാധകർ സ്റ്റേഡിയത്തിൽ നൽകുന്ന ഊർജ്ജമാണ് ഓരോ താരത്തിനേയും കളിക്കളത്തിൽ കരുത്തനാക്കുന്നത്.
ആരാധകർ താരങ്ങളെ വിമർശിക്കുന്നത് സ്വാഭാവികമാണ് ഏന്നാൽ ഒരിക്കലും അത് സഭ്യതയുടെ പരിധി വിടരുതെന്നും ഷറ്റോരി പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരും താരങ്ങളും തമ്മിൽ ഉരസലുകൾ നടന്നിട്ടുണ്ട്. ഇതിന്റെ ബാക്കിപത്രമായിരുന്നു ഈ ചോദ്യവും ഉത്തരവും. ഇന്ത്യൻ സൂപ്പർ ലീഗ് ചരിത്രത്തിൽ ആദ്യമായി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിൽ എത്തിച്ച പരിശീൽകനാണ് ഷറ്റോരി. അറ്റാക്കിംഗ് ഫുട്ബോൾ മുഖമുദ്രയാക്കിയ ഷറ്റോരി കൊച്ചിയിൽ എത്തിയത് ആരാധകരിൽ ആവേശമായിട്ടുണ്ട്.