ഇന്ന് ഒഡീഷയിൽ നടന്ന കേരള ബ്ലാസ്റ്റേഴ്സ് ഒഡീഷ എഫ് സി മത്സരത്തിൽ കേരള ടീമിന് നിരാശ. ഭുവനേശ്വറിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് പരാജയപ്പെട്ടത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിട്ടു നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്നും കളി കൈവിട്ടത്.
ഇന്ന് സീസണിലെ ആദ്യ എവേ മത്സരം കേരള ബ്ലാസ്റ്റേഴ്സ് മികച്ച രീതിയിൽ ആയിരുന്നില്ല തുടങ്ങിയത്. താളം കണ്ടെത്താൻ ടീം കഷ്ടപ്പെട്ടു. ഇത് മുതലെടുത്ത് ഒഡീഷ നല്ല അറ്റാക്കുകൾ നടത്തി. ഒഡീഷ ഒരു ഗോൾ നേടി എങ്കിലും റഫറിയുടെ തീരുമാനം അവർക്ക് എതിരായി. ഗില്ലിനെ ഫൗക്ക് ചെയ്താണ് ഗോൾ നേടിയത് എന്നായിരുന്നു റഫറിയുടെ വിധി.
ഈ അവസരത്തിനു തോയിബയിലൂടെ ഒഡീഷ ഒരിക്കൽ കൂടെ ഗോളിനടുത്ത് എത്തി. ഗിൽ സമർത്ഥമായ സേവിലൂടെ കളി ഗോൾരഹിതമായി നിർത്തി. മത്സരം ഒരു 30 മിനുട്ട് ഒക്കെ കഴിഞ്ഞ ശേഷമാണ് ബ്ലാസ്റ്റേഴ്സിന്റെ നല്ല നീക്കങ്ങൾ വന്നത്. 35ആം മിനുട്ടിൽ ഖാബ്രയിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡും എടുത്തു.
ഒരു ഷോർട്ട് കോർണറിനു ശേഷം ലൂണ നൽകിയ ക്രോസ് ഫ്രീ റൺ നടത്തിയ ഖാബ്രയെ കണ്ടെത്തി. ഖാബ്ര അനായാസം പന്ത് വലയിലും എത്തിച്ചു. കഴിഞ്ഞ സീസണിലും ഖാബ്ര ഒഡീഷക്ക് എതിരെ ഗോൾ നേടിയിരുന്നു.
ലീഡ് നേടി എങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് അത്ര നല്ല പ്രകടനമായിരുന്നില്ല ഇന്ന് കണ്ടത്. മത്സരം രണ്ടാം പകുതിയിൽ ആയപ്പോൾ കാര്യം കൈവിട്ടു. 54ആം മിനുട്ടിൽ ഒഡീഷയുടെ ഒരു ലോംഗ് ത്രോ കേരള ഡിഫൻസിനെ പ്രതിസന്ധിയിൽ ആക്കി. കൂട്ടപ്പൊരിച്ചലിന് ഒടുവിൽ ജെറിയുടെ ഒരു ടാപിന്നിൽ ഒഡീഷ സമനില നേടി.
ഇതിനു ശേഷം ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചത് കളിയുടെ വേഗത കൂട്ടി. രാഹുലും വിക്ടർ മോംഗിലും നിഹാൽ സുധീഷും കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിൽ ഇറങ്ങി. നിഹാലിനു ഇത് ബ്ലാസ്റ്റേഴ്സ് അരങ്ങേറ്റമായിരുന്നു.
86ആം മിനുട്ടിൽ ഒഡീഷയുടെ വിജയ ഗോൾ വന്നു. അമ്രീന്ദറിന്റെഒരു ലോങ് ബോൾ സ്വീകരിച്ച് പെഡ്രോ തൊടുത്ത ഇടം കാലൻ ഷോട്ട് തടയാൻ ബ്ലാസ്റ്റേഴ്സ് കീപ്പർ ഗില്ലിന് ആയില്ല. കളിയിലേക്ക് തിരികെ വരാനും ബ്ലാസ്റ്റേഴ്സിന് മുന്നിൽ സമയം ഉണ്ടായിരുന്നില്ല.
മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 6 പോയിന്റുമായി ഒഡീഷ ഇപ്പോൾ ലീഗിൽ മൂന്നാം സ്ഥാനത്താണ്. 3 പോയിന്റ് ഉള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.