ആധിപത്യം മുതലാക്കുന്നതിൽ പരാജയപ്പെട്ടു ആഴ്‌സണൽ, സെയിന്റ്സിനോട് സമനില

Screenshot 20221023 204555 01

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സൗത്താപ്റ്റണിനോട് സെന്റ് മേരീസ് സ്റ്റേഡിയത്തിൽ സമനില വഴങ്ങി ആഴ്‌സണൽ. മികച്ച ആധിപത്യം മത്സരത്തിൽ ഉണ്ടായിട്ടും അവസരങ്ങൾ മുതലാക്കാൻ ആവാത്തത് ആണ് ആഴ്‌സണലിന് വിനയായത്. കടുത്ത മത്സരക്രമം താരങ്ങളെ തളർത്തിയതും ആഴ്‌സണലിന് തിരിച്ചടിയായി. സമനില വഴങ്ങിയെങ്കിലും നിലവിൽ രണ്ടാമതുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ രണ്ടു പോയിന്റ് മുന്നിൽ ലീഗിൽ ഒന്നാമത് ആഴ്‌സണൽ തന്നെയാണ്. അതേസമയം പതിനഞ്ചാം സ്ഥാനത്ത് ആണ് സെയിന്റ്സ്. മത്സരത്തിൽ മികച്ച തുടക്കം ആണ് ആഴ്‌സണലിന് ലഭിച്ചത്. ഒന്നാന്തരമായി കളിച്ച അവർ 11 മത്തെ മിനിറ്റിൽ തന്നെ മുന്നിലെത്തി.

ബുകയോ സാകയുടെ മികച്ച നീക്കത്തിന് ഒടുവിൽ ബെൻ വൈറ്റിന്റെ പാസിൽ നിന്നു ഒന്നാന്തരം ഒരു വലത് കാലൻ അടിയിലൂടെ ഗ്രാനിറ്റ് ശാക്ക ആഴ്‌സണലിന് മുൻതൂക്കം നൽകി. തുടർന്നും അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ കണ്ടത്താൻ ആഴ്‌സണലിന് ആയില്ല. ഫോർമേഷനിൽ മാറ്റം വരുത്തിയ സൗത്താപ്റ്റൺ പതുക്കെ കളിയിൽ തിരിച്ചുവന്നു. ഇതിന്റെ ഫലം ആയിരുന്നു രണ്ടാം പകുതിയിൽ അവർ നേടിയ സമനില ഗോൾ. മികച്ച കൗണ്ടർ അറ്റാക്കിന്‌ ഒടുവിൽ മുഹമ്മദ് എലനോസിയുടെ പാസിൽ നിന്നു സ്റ്റുവർട്ട് ആംസ്ട്രോങ് ആണ് 65 മത്തെ മിനിറ്റിൽ ആതിഥേയരുടെ സമനില ഗോൾ കണ്ടത്തിയത്. ജയത്തിനായി മാറ്റങ്ങൾ വരുത്തി ആഴ്‌സണൽ പൊരുതിയെങ്കിലും ഫലം ഉണ്ടായില്ല. ഇടക്ക് ഒഡഗാർഡ് പന്ത് വലയിൽ എത്തിച്ചു എങ്കിലും അതിനു മുമ്പ് പന്ത് പുറത്ത് പോയതിനാൽ ഗോൾ അനുവദിക്കപ്പെട്ടില്ല. നിരന്തരം കളിച്ച മത്സരങ്ങൾ ക്ഷീണിപ്പിച്ച താരങ്ങൾ ആണ് ആഴ്‌സണലിന് വിനയായത്.