സീഡ് ചെയ്യാത്ത ഉക്രൈൻ താരം അഹെലിന കലിനിനയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ഒന്നാം സീഡ് ചെക് താരം കരോലിന പ്ലിസ്കോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇത് ആദ്യമായി ഗ്രാന്റ് സ്ലാമിൽ ഒന്നാമത് ആയി സീഡ് ചെയ്യപ്പെട്ട ചെക് താരം ആർതർ ആഷെയിൽ എതിരാളിക്ക് വലിയ അവസരം ഒന്നും നൽകിയില്ല. ആദ്യ സെറ്റിൽ 2 ബ്രൈക്ക് പോയിന്റുകൾ വഴങ്ങിയെങ്കിലും എതിരാളിയെ ബ്രൈക്ക് ചെയ്തു 6-4 നു ചെക് താരം സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ ആവട്ടെ എതിരാളിക്ക് ഒരവസരവും പ്ലിസ്കോവ നൽകിയില്ല. 6-0 നു സെറ്റ് സ്വന്തമാക്കിയ താരം ഏതാണ്ട് ഒരു മണിക്കൂർ നീണ്ട മത്സരം കയ്യിലാക്കി. അതേസമയം ജർമ്മൻ താരവും മുൻ ഗ്രാന്റ് സ്ലാം ജേതാവും ആയ ആഞ്ചലിക്ക കെർബറും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത ഓസ്ട്രേലിയൻ താരത്തെ 6-4, 6-4 എന്ന സ്കോറിന് ആണ് കെർബർ മറികടന്നത്. ലഭിച്ച 5 ബ്രൈക്ക് പോയിന്റുകളും ജയിച്ച കെർബർ എതിരാളിയുടെ വെല്ലുവിളി മറികടന്നു. 12 സീഡ് ചെക് താരം മാർക്കറ്റ വോണ്ടറോസോവയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.