വെളിച്ചക്കുറവ് മൂലം തടസ്സപ്പെട്ട മത്സരത്തിൽ VJD നിയമത്തിന്റെ പിൻബലത്തിൽ വിജയ് ഹസാരെ ട്രോഫി സ്വന്തമാക്കി കർണാടക. തമിഴ്‌നാടുവിനെയാണ് കർണാടക 60 റൺസിന് തോൽപ്പിച്ച് കിരീടം ചൂടിയത്. ഇത് കർണാടകയുടെ നാലാമത്തെ വിജയ് ഹസാരെ ട്രോഫി കിരീടമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 252 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. 85 റൺസ് എടുത്ത അഭിനവ് മുകുന്ദും 66 റൺസ് എടുത്ത ബാബ അപരാജിതുമാണ് തമിഴ്നാട് നിരയിൽ തിളങ്ങിയത്. ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഭിമന്യു മിഥുനിന്റെ പ്രകടനമാണ് കർണാടകക്ക് തുണയായത്.
തുടർന്ന് ബാറ്റ് ചെയ്ത കർണാടക കെ.എൽ രാഹുലിന്റെയും മായങ്ക് അഗർവാളിന്റെയും മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ കർണാടക ഒരു വിക്കറ്റ് നഷ്ടത്തിൽ 146 റൺസ് എടുത്തുനിൽക്കെയാണ് വെളിച്ച കുറവ് മൂലം മത്സരം നിർത്തിവെച്ചത്. തുടർന്നാണ് VJD നിയമ പ്രകാരം കർണാടകയെ ജേതാക്കളായി പ്രഖ്യാപിച്ചത്. 52 റൺസ് എടുത്ത് കെ.എൽ രഹുലും 69 റൺസ് എടുത്ത മായങ്ക് അഗർവാളും പുറത്താവാതെ നിന്നു.