പരമ്പരാഗത ശക്തികളെ കെട്ടു കെട്ടിച്ച് കാലിക്കറ്റ് – ബി സോൺ ഫുട്ബോൾ ഇ എം ഇ എ കോളേജ് സ്വന്തമാക്കി

- Advertisement -

കൊണ്ടോട്ടി: കഴിഞ്ഞ രണ്ടാഴ്ച്ചക്കാലമായി കൊണ്ടോട്ടി ഇ എം ഇ എ കോളേജിലും മഞ്ചേരി എൻ.എസ്.എസ്. കോളേജിലുമായി നടന്നു വന്നിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർ കോളേജിയേറ്റ് ബി സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ പോരാട്ടത്തിൽ ഗവ.സ്പോർട്സ് ഹോസ്റ്റൽ താരങ്ങളുടെ പിൻബലത്തിൽ ഇറങ്ങിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഫുട്ബോളിലെ പരമ്പരാഗത ശക്തികളായ മമ്പാട് എം.ഇ. എസ്. കോളേജിനെയാണ് ആതിഥേയരായ കൊണ്ടോട്ടി ഇ എം ഇ എ കോളേജ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയത്.

മത്സരത്തിന്റെ ഒന്നാം പകുതിയിൽ യൂണിവേഴ്സിറ്റി താരം സുഹൈലും രണ്ടാം പകുതിയിൽ അനസ് കുട്ടാപ്പിയുമാണ് മമ്പാടിന്റെ വലയിൽ നിറയൊഴിച്ചത്. ഇത് രണ്ടാം തവണയാണ് ഇ.എം.ഇ.എ കോളേജ് കാലിക്കറ്റ് ബി.സോൺ കിരീടം ചൂടുന്നത്. കൊണ്ടോട്ടി കോളേജ് ആദ്യ തവണ കിരീടം ചൂടിയത് ആറ് വർഷം മുമ്പ് മമ്പട് കോളേജിനെ ഫൈനലിൽ തോൽപ്പിച്ചു കൊണ്ട് തന്നെയായിരുന്നു. അന്ന് മമ്പാടിനെ അവരുടെ തട്ടകത്തിൽ ചെന്ന് തന്നെയായിരുന്നു പരാജയപ്പെടുത്തിയത് എങ്കിൽ ഈ പ്രാവശ്യം സ്വന്തം തട്ടകത്തിൽ വച്ചാണ് ഇ.എം.ഇ.എ കിരീട നേട്ടം കൈവരിച്ചത്. ക്വാർട്ടർ ഫൈനലിൽ വണ്ടൂർ അംബേദ്ക്കർ കോളേജിനെയും, സെമി ഫൈനലിൽ ശക്തരായ വളാഞ്ചേരി എം.ഇ.എസ്.കോളേജിനെയും പരാജയപ്പെടുത്തിയാണ് ഇ.എം.ഇ.എ ഫൈനൽ ബർത്ത് നേടിയിരുന്നത്.

കോളേജ് പ്രിൻസിപ്പാൾ സി.പി. അയ്യൂബിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ടീം അംഗങ്ങളായ കളിക്കാരെയും കായികാധ്യാപകൻ പി.വി.ശിഹാബുദ്ധീനെയും ടീമിന്റെ പരിശീലനും മുൻ കോളേജ് ടീം അംഗമായിരുന്ന ഫാസിലിനെയും അനുമോദിച്ചു.

Advertisement