കരൺജിത്‌ സിങ്‌ കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ 2023വരെ നീട്ടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി, മെയ്‌ 30, 2022: പരിചയ സമ്പന്നനായ ഗോൾ കീപ്പർ കരൺജിത്‌ സിങ്ങുമായുള്ള കരാർ നീട്ടിയതായി കേരള ബ്ലാസ്‌റ്റേഴ്‌സ്‌ എഫ്‌സി സന്തോഷപൂർവം അറിയിച്ചു. അടുത്ത വർഷംവരെയാണ്‌ കരാർ നീട്ടിയത്‌. പരിക്കേറ്റ അൽബീനോ ഗോമെസിന്‌ പകരമായിട്ടാണ്‌ ക്ലബ്ബ്‌ കഴിഞ്ഞ വർഷം കരൺജിതുമായി കരാർ ഒപ്പിട്ടത്‌.

പഞ്ചാബിൽ ജനിച്ച കരൺജിത്‌ പതിനഞ്ചാംവയസിൽ ഫുട്‌ബോൾ കളിച്ചുതുടങ്ങി. 2004ൽ ജെസിടി എഫ്‌സിയിൽ ചേർന്ന കരൺജിത് പിന്നീടുള്ള ആറ് സീസണുകളിൽ ക്ലബിൻറെ ഭാഗമായിരുന്നു. 2010‐11ൽ സാൽഗോക്കറിലെത്തി. അരങ്ങേറ്റ സീസണിൽതന്നെ ഐ ലീഗ്‌ ചാമ്പ്യൻമാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിൻ എഫ്‌സിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2019വരെ കളിച്ചു. 2015ലും 2017‐18ലും ഐഎസ്‌എൽ കിരീടംനേടി. അവസാന ഘട്ടമാകുമ്പോഴേക്കും ഗോൾ കീപ്പിങ്‌ കോച്ച്‌ ചുമതല കൂടി വഹിച്ചു. 2021ൽ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരൺജിത്‌ ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്.
Img 20220530 Wa0023
17 തവണ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള കരൺജിത്‌ 118 സേവുകൾ നടത്തി. 13 കളിയിൽ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്.

‘കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ സന്തോഷം. എന്റെ അനുഭവ സമ്പത്തിലൂടെ നേടിയ അറിവുകൾ എന്റെ സഹകളിക്കാർക്ക് പകർന്നുനൽകാൻ കഴിയുമെന്ന്‌ ഞാൻ പ്രത്യാശിക്കുന്നു. കളത്തിൽ ഇറങ്ങാനും ടീമിനെ ഈ വർഷം കപ്പ്‌ നേടാൻ സഹായിക്കാനും ഞാൻ കാത്തിരിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആവേശം നൽകുന്ന ആരാധർക്ക്‌ വേണ്ടിയാണത് ‐ കരൺജിത്‌ പറയുന്നു.

‘ഐഎസ്‌എലിൽ മത്സരിക്കുന്ന കളിക്കാരിലെ റെക്കോഡുകാരനാണ്‌ കരൺജിത്‌. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും കളിയോടുള്ള മനോഭാവവുമാണ്‌ എന്തുകൊണ്ട്‌ ഇത്രയും നീണ്ട കരിയർ വിജയകരമാക്കി എന്നതിന്‌ കാരണം. യുവതലമുറയ്‌ക്ക്‌ മികച്ച മാതൃകയാണ്‌ അദ്ദേഹം. അതുകൊണ്ടാണ്‌ ഇത്രയും പ്രൊഫഷണൽ മികവുള്ള കളിക്കാരെ ഞങ്ങളുടെ ടീമിന്‌ ആവശ്യമാകുന്നത്‌‐ കെബിഎഫ്‌സി സ്‌പോർടിങ്‌ ഡയറക്ടർ കരോളിസ്‌ സ്‌കിൻകിസ്‌ പറയുന്നു.

മുൻപ് ബിജോയ്‌ വർഗീസ്‌, ജീക്‌സ്‌ൺ സിങ്‌, മാർകോ ലെസ്‌കോവിച്ച്‌, പ്രഭ്‌സുഖൻ ഗിൽ എന്നിവരുടെ കരാർ നീട്ടിയതായി കെബിഎഫ്‌സി പ്രഖ്യാപിച്ചിരുന്നു.