ക്യാപ്റ്റന്‍സിയിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന് അറിയിക്കണം, മോമിനുള്‍ ഹക്കിനോട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ബംഗ്ലാദേശിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ മോമിനുള്‍ ഹക്കിനോട് ടെസ്റ്റ് ക്യാപ്റ്റന്‍സിയിൽ തുടരുവാന്‍ താല്പര്യം ഉണ്ടോയെന്ന് ആരാഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. താരത്തിന്റെ ബാറ്റിംഗിനെ ക്യാപ്റ്റന്‍സി ബാധിച്ചിട്ടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തൽ. അതിനാൽ തന്നെ താരത്തിന് ക്യാപ്റ്റന്‍സി സംബന്ധിച്ച് തീരുമാനം എടുക്കുവാനുള്ള അവസരം ബോര്‍ഡ് നൽകണം.

അവസാന 15 ഇന്നിംഗ്സിൽ നിന്ന് താരം 176 റൺസ് മാത്രമാണ് നേടിയത്. ഇതിൽ ന്യൂസിലാണ്ടിനെതിരെ നേടിയ 88 റൺസാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. താരം ബംഗ്ലാദേശിനെ നയിച്ച 17 ടെസ്റ്റിൽ നിന്ന് 912 റൺസ് നേടിയിട്ടുണ്ട്. രണ്ട് അര്‍ദ്ധ ശതകങ്ങളും മൂന്ന് ശതകങ്ങളും നേടിയിട്ടുള്ള താരത്തിന് ഇതുവരെ ബംഗ്ലാദേശിനെ 3 ടെസ്റ്റിൽ വിജയത്തിലേക്ക് നയിച്ചപ്പോള്‍ 12 എണ്ണത്തിൽ തോൽവിയായിരുന്നു ഫലം. 2 മത്സരങ്ങള്‍ സമനിലയിൽ അവസാനിച്ചു.