ഉണരുക, നമ്മളൊരു ലോകകപ്പ് കളിക്കാൻ പോവുകയാണ്

20221010 171701

ഇന്ത്യൻ ഫുട്ബോൾ പ്രേമികളുടെ സ്വപ്നങ്ങളുടെയെല്ലാം ഉത്തുംഗഭൂമിക ലോകകപ്പാണെന്നതിൽ സംശയത്തിന് സ്ഥാനമില്ല. ഓരോ ലോകകപ്പ് കാലം വരുമ്പോഴും ഇന്ത്യൻ ഫുട്ബോളിനെ നെഞ്ചോടു ചേർത്തവർ ദീർഘ നിശ്വാസത്തോടെ ചിന്തിക്കും: എന്നാണ് നമ്മുടെ ടീം ഒരു ഫിഫ വേദിയിൽ പന്തുതട്ടുക? എന്നാണ് ഫിഫ വേൾഡ് കപ്പ് എന്ന സുവർണ്ണമുദ്രയുടെ തിളക്കത്തിൽ ജനഗണമനയുടെ താളം മുഴങ്ങിക്കേൾക്കുക? കാലങ്ങളോളം പഴക്കമുള്ള ഈ വേദനയ്ക്ക് താത്ക്കാലികാശ്വാസമേകിയാണ് 2017 ലെ അണ്ടർ 17 ലോകകപ്പ് വേദി ഫിഫ ഇന്ത്യയ്ക്ക് അനുവദിച്ചത്.
ഇന്ത്യൻ ഫുട്ബോളിനെ എല്ലാ മേഖലകളിലും മുന്നോട്ടു നയിച്ച ചുവടുവെപ്പായി അണ്ടർ 17 ലോകകപ്പ് മാറിയത് നമ്മൾ കണ്ടു. ഭരണകൂടം, മാധ്യമങ്ങൾ, പൊതുജനങ്ങൾ എല്ലാം ഫുട്ബോൾ എന്ന വൃത്തത്തിലേക്ക് ചുരുങ്ങിയ ദിനങ്ങളായിരുന്നു അവ.

20221010 171614

ആ അണ്ടർ 17 ടീമിലെ മിക്കവരും പിൽക്കാലത്ത് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമായി മാറി. അൻവർ അലി, രാഹുൽ കെ പി, ആകാശ് മിശ്ര, ആശിഷ് റായ്, ധീരജ്‌ സിങ്, പ്രഭുസുഖൻ സിങ് ഗിൽ തുടങ്ങിയ ഒരുപറ്റം പ്രതിഭാധനരായ താരങ്ങളെ ഇന്ത്യൻ ഫുട്ബോൾ ഏറെ പ്രതീക്ഷയോടെയാണ് വീക്ഷിക്കുന്നത്. അന്നത്തെ ടൂർണമെന്റിലെ മിന്നുംതാരമായ ഫിൽഫോഡനെ ഇന്നറിയാത്തവർ വിരളമായിരിക്കും. അത്തരം താരോദയങ്ങൾ ദേശീയ-അന്താരാഷ്ട്ര തലത്തിൽ ഉണ്ടാകുന്നു എന്നത് ലോകകപ്പിന്റെ സവിശേഷതയാണ്. മറ്റൊരു കാരണത്തിന്റെ ആവശ്യമില്ലാതെ തന്നെ എല്ലാവരുടെയും ശ്രദ്ധയെ നിർബന്ധപൂർവ്വം വലിച്ചടുപ്പിക്കുന്നത്ര മൂല്യമുള്ളതാണ് ഫിഫ ലോകകപ്പുകൾ. കോർപറേറ്റുകൾ അടക്കം താത്പര്യപ്പെടുന്ന വേദിയാണ് എന്നതിനാൽ ആതിഥേയ രാജ്യത്ത് ഫുട്ബോൾ അനുകൂല തരംഗം സൃഷ്ടിക്കാനും ലോകകപ്പിന് സാധിക്കും.

20221010 171906

2017 ലെ അണ്ടർ 17പുരുഷ ലോകകപ്പിന്റെ വൻവിജയത്തിൽ സംപ്രീതരായ ഫിഫ ഇന്ത്യയ്ക്ക് ഒരവസരം കൂടി നൽകി. അണ്ടർ 17 വനിത ലോകകപ്പിന്റെ ആതിഥേയത്വം ഇക്കുറി ഇന്ത്യയ്ക്കാണ്. വനിതാഫുട്ബോളിലെ അനിഷേധ്യ ശക്തികളായ അമേരിക്കയും ബ്രസീലും ഉൾപ്പെട്ട ഗ്രൂപ്പിലാണ് ഇന്ത്യയും. ഒഡിഷയിലെ ഭുബനേശ്വറിൽ ഒക്ടോബർ 11ന് ഇന്ത്യ ആദ്യമത്സരത്തിനായി കളത്തിലിറങ്ങും. സങ്കടകരമായ വസ്തുത എന്തെന്നാൽ, ഒരു ദിവസം മാത്രം ശേഷിക്കുന്ന ടൂർണമെന്റിന്റെ കാര്യത്തിൽ ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഇതേവരെയും വലിയ താത്പര്യമൊന്നും കൊടുത്തിട്ടില്ല എന്നതാണ്. സോഷ്യൽ മീഡിയയിൽ ഐ എസ് എൽ ടീമുകൾക്കായി ഉത്സവാന്തരീക്ഷം സൃഷ്ടിക്കുന്ന ആരാധകർ, കണ്മുന്നിലെത്തിയ ആഗോള മാമാങ്കത്തിനോട് കാര്യമായ ഇമ്പം കാണിക്കുന്നില്ലെന്നത് ദുഃഖകരമാണ്.

20221010 171841

ലോകഫുട്ബോളിലെ ഏറ്റവും ഉയർന്ന വേദിയാണല്ലോ ലോകകപ്പ്. ഏജ് കാറ്റഗറി ആയാലും പുരുഷ-വനിതാ ഭേദമുണ്ടായാലും അത് ലോകകപ്പാകാതിരിക്കുന്നില്ല. രണ്ടാമത്തെ കാര്യം, ഇപ്പറഞ്ഞ ലോകവേദിയിൽ പന്തുതട്ടാൻ നമ്മുടെ ടീമിറങ്ങുന്നു എന്നതും. 2020ലെ അണ്ടർ 17 വനിതാ ലോകകപ്പ് കോവിഡ്‌ കാരണം ക്യാൻസലായപ്പോൾ ഇന്ത്യൻ താരങ്ങളോടൊപ്പം ആരാധകർ ദുഃഖം പങ്കുവച്ചിരുന്നു. ഇന്ത്യയുടെ മേൽ ഫിഫ സസ്‌പെൻഷൻ വന്നപ്പോഴും ഏറ്റവും വലിയ ആശങ്ക ലോകകപ്പ് വേദി നഷ്ടപ്പെടുമോ എന്നതായിരുന്നു. അത്തരം പ്രതിസന്ധികളെല്ലാം നീങ്ങിയ ഘട്ടത്തിൽ ലോകകപ്പ് നടക്കാനിരിക്കുമ്പോൾ അതേപ്പറ്റി ചർച്ച ചെയ്യാതിരിക്കുകയോ ആവേശം പ്രകടിപ്പിക്കാതിരിക്കുകയോ ചെയ്യുന്നത് നമ്മുടെ രാജ്യത്തെ പ്രതിനിധീകരിക്കുന്ന കുട്ടികളോട് ചെയ്യുന്ന അനീതിയാണ്.

വനിതാഫുട്ബോളിൽ അനുദിനം മുന്നേറ്റമറിയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ബാലദേവി റേഞ്ചേഴ്സിനായി പന്തുതട്ടുന്ന മുഹൂർത്തങ്ങൾക്ക് നമ്മൾ സാക്ഷ്യം വഹിച്ചു. ഈയിടെ മനീഷ കല്യാൺ യുവേഫ ചാമ്പ്യൻസ് ലീഗിൽ അപ്പോളോൺ ലേഡീസിനായി കളത്തിലിറങ്ങി ചരിത്രം രചിച്ചു. ഉസ്ബെക് ക്ലബായ എഫ്‌സി നസാഫ്, ഡാങ്മെയ് ഗ്രേസിനെ സ്വന്തമാക്കി. ഏറ്റവുമൊടുവിലായി ജ്യോതി ചൗഹാൻ, സൗമ്യ ഗുഗുലോത്ത് എന്നിവരുമായി ക്രൊയേഷ്യൻ ക്ലബ് ഡൈനാമോ സാഗ്രെബ് കരാറൊപ്പുവെച്ചിരിക്കുന്നു. ഇന്ത്യൻ വനിതാ ഫുട്ബോളിന്റെ നിറശോഭയാർന്ന ഭാവിയാണ് ഭുവനേശ്വറിൽ നാളെ മുതൽ പന്ത് തട്ടുന്നതെന്ന് പറയാൻ ഇനി സാക്ഷ്യപ്പെടുത്തലുകൾ ആവശ്യമില്ലല്ലോ. അവർക്ക് വേണ്ടി ആരവം മുഴക്കുകയെന്നത് ഓരോ ഇന്ത്യൻ ഫുട്ബോൾ ആരാധകന്റെയും ധാർമ്മിക ബാധ്യത കൂടിയാണ്.

20221010 171545

_ഈ ചരിത്ര നിമിഷങ്ങളെ ഒപ്പിയെടുക്കാൻ ഫാൻപോർട്ടിന്റെ പ്രതിനിധികൾ ഒഡിഷയിലുണ്ടാകും. യാത്രയുടെ രണ്ടാം ദിനം ഞങ്ങളിപ്പോൾ ചെന്നൈയിലാണ് ഉള്ളത്. പോകുന്ന വഴികൾക്കത്രയും കാൽപന്തിന്റെ കഥകൾ പറയാനുണ്ട്. അതിമധുരിത വിശേഷങ്ങൾ ഒഡിഷയിൽ കാത്തിരിക്കുകയുമാണ്. വായിച്ചും അഭിപ്രായങ്ങളറിയിച്ചും പ്രിയവായനക്കാരും ഈ യാത്രയിൽ കൂടെയുണ്ടാകുമല്ലോ…_