കേരള പ്രീമിയര്‍ ലീഗ്:കിരീട പോരാട്ടം ഇന്ന്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗ് ഫൈനല്‍ മത്സരം ഇന്ന് (ബുധന്‍). വൈകിട്ട് 3.45ന് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന കലാശക്കളിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സിയും കെഎസ്ഇബിയുമാണ് കിരീടത്തിനായി പോരാടുക. കോവിഡ് പശ്ചാത്തലത്തില്‍ കാണികള്‍ക്ക് ഗ്രൗണ്ടില്‍ പ്രവേശനമുണ്ടാവില്ല. സ്‌പോര്‍ട്‌സ്‌കാസ്റ്റ് ഇന്ത്യയുടെ യുട്യൂബ്, ഫേസ്ബുക്ക് പേജുകളില്‍ മത്സരം തത്സയം സംപ്രേക്ഷണം ചെയ്യും. 30 ഗ്രൂപ്പ് മത്സരങ്ങളും രണ്ട് സെമിഫൈനലും പിന്നിട്ടപ്പോള്‍ ഇതുവരെ 10.48 ലക്ഷം പേര്‍ ഫേസ്ബുക്കിലും യുട്യൂബിലുമായി കെപിഎല്‍ മത്സരങ്ങള്‍ തത്സമയം കണ്ടു.

ലീഗില്‍ ഇതുവരെ പരാജയമറിയാതെയാണ് ഗോകുലം കേരളയുടെ കുതിപ്പ്. ലീഗ് റൗണ്ടില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ കടന്ന ടീം കേരള യുണൈറ്റഡ് എഫ്‌സിയെ ഷൂട്ടൗട്ടില്‍ മറികടന്നാണ് ഫൈനലിലെത്തിയത്. തുടര്‍ച്ചയായ നാലാം തവണയാണ് ഗോകുലം ഫൈനലിലെത്തുന്നത്. 2018ല്‍ ചാമ്പ്യന്‍മാരായിരുന്നു. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സിനോട് തോല്‍ക്കുകയായിരുന്നു. 2017ലെ ചാമ്പ്യന്‍മാരായ കെഎസ്ഇബി ബി ഗ്രൂപ്പില്‍ ഒന്നാമന്‍മാരായാണ് സെമിയില്‍ കടന്നത്. കഴിഞ്ഞ മൂന്ന് സീസണുകളില്‍ ടീം കളിച്ചിരുന്നില്ല. ലീഗിലെ ആദ്യ മത്സരത്തില്‍ എം.എ അക്കാദമിയോട് തോറ്റെങ്കിലും പിന്നീട് തുടര്‍ച്ചയായ നാലു മത്സരങ്ങളും വിജയിച്ചു. ബാസ്‌കോയ്‌ക്കെതിരായ സെമിയില്‍ മുന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച്, ഷൂട്ടൗട്ടിലെ വിജയവുമായാണ് അവസാന രണ്ടിലെത്തിയത്. ഇന്ന് ജയിച്ചാല്‍ ഇരുടീമുകള്‍ക്കും എസ്ബിഐയുടെ രണ്ടു കെപിഎല്‍ കിരീടമെന്ന നേട്ടത്തിനൊപ്പമെത്താം. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയാണ് നിലവിലെ ചാമ്പ്യന്‍മാര്‍.