കൊറോണ കാരണം നീണ്ടകാലമായി ഫുട്ബോൾ ഇല്ലാതിരുന്ന ഇറ്റലിയിൽ ഇന്ന് വീണ്ടും പന്ത് ഉരുണ്ടു. ഇന്ന് കോപ ഇറ്റാലിയ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ യുവന്റസും എ സി മിലാനും തമ്മിലായിരുന്നു മത്സരം. ആദ്യ പാസത്തിൽ മിലാന്റെ ഗ്രൗണ്ടിൽ വെച്ച് 1-1ന്റെ സമനിലയിൽ കളി പിരിഞ്ഞിരുന്നു. ഇന്ന് നടന്ന രണ്ടാം പാദം ഗോൾ രഹിതമായാണ് അവസാനിച്ചത്. ആദ്യ പാദത്തിലെ എവേ ഗോളിന്റെ ബലത്തിൽ യുവന്റസ് കോപ ഇറ്റാലിയ ഫൈനലിലേക്ക് കടന്നു.
ഗോൾ പിറന്നില്ല എങ്കിലും നാടകീയതയ്ക്ക് ഒരു കുറവും ഇന്ന് ഉണ്ടായില്ല. കളി തുടങ്ങി 15ആം മിനുട്ടിൽ തന്നെ യുവന്റസിന് ഒരു പെനാൾട്ടി ലഭിച്ചു. പക്ഷെ പെനാൾട്ടി എടുത്ത അവരുടെ വിശ്വസ്തനായ റൊണാൾഡോയ്ക്ക് പിഴച്ചു. റൊണാൾഡോയുടെ പെനാൾട്ടി കിക്ക് പോസ്റ്റിൽ ഇടിച്ചു മടങ്ങി. ഈ സീസണിൽ റൊണാൾഡോ നഷ്ടപ്പെടുത്തുന്ന ആദ്യത്തെ പെനാൾട്ടിയാണിത്.
ആ പെനാൾട്ടി കഴിഞ്ഞ് നിമിഷങ്ങൾക്ക് അകം തന്നെ എ സി മിലാൻ താരം റെബിച് ചുവപ്പ് കാർഡ് കണ്ട് പുറത്തു പോയി. മിലാൻ തുടക്കത്തിൽ തന്നെ 10പേരായി ചുരുങ്ങി എങ്കിലും യുവന്റസിനോട് പൊരുതി നിൽക്കാൻ മിലാനായി. നാളെ നടക്കുന്ന രണ്ടാം സെമിയിൽ ഇന്റർ മിലാനും നാപോളിയുമാണ് ഏറ്റുമുട്ടുന്നത്.