എൽ ക്ലാസികോയിലെ നിരാശ ഇന്ന് ബാഴ്സലോണ ടൂറിനിൽ മാറ്റി. ഇന്ന് ചാമ്പ്യൻസ് ലീഗിലെ അവരുടെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെയാണ് ബാഴ്സലോണ തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സലോണ തോൽപ്പിച്ചത്. കിയേസ, കുലുസവ്സ്കി, ഡിബാല, മൊറാട്ട എന്നിവരെ ഒക്കെ ഒരുമിച്ച് ഇറക്കിയാണ് പിർലോ കളി തുടങ്ങിയത് എങ്കിലും ആദ്യ ഗോൾ നേടിയത് ബാഴ്സലോണ ആയിരുന്നു.
മത്സരത്തിന്റെ 14ആം മിനുട്ടിൽ ഡെംബലെ ആണ് ബാഴ്സക്ക് ലീഡ് നൽകിയത്. മെസ്സി നൽകിയ ഗംഭീര പാസ് സ്വീകരിച്ച് കുതിച്ച ഡെംബലെ തൊടുത്ത ഷോട്ട് നോക്കി നിൽക്കാനെ യുവന്റസ് കീപ്പർ ചെസ്നിക്ക് ആയുള്ളൂ. ഡെംബലെയുടെ ഈ സീസൺ ചാമ്പ്യൻസ് ലീഗിലെ രണ്ടാം ഗോളായിരുന്നു ഇത്. ആദ്യ പകുതിയിൽ രണ്ട് തവണ മൊറാട്ട ബാഴ്സലോണ വലയിൽ ബോൾ എത്തിച്ചു എങ്കിലും രണ്ട് തവണയും ഓഫ്സൈഡ് കൊടി പൊങ്ങി. ആദ്യ പകുതിയിൽ ലീഡ് ഇരട്ടിയാക്കാൻ ബാഴ്സക്ക് അവസരങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവസരങ്ങൾ അവർ മുതലാക്കിയില്ല.
രണ്ടാം പകുതിയിൽ വീണ്ടും മൊറാട്ട ബാഴ്സലോണ വലയിൽ പന്ത് എത്തിച്ചു. പക്ഷെ മൂന്നാം തവണയും മൊറാട്ടയ്ക്കും യുവന്റസിനും ഭാഗ്യം ഉണ്ടായില്ല. ഈ ഗോളും വാർ ഓഫ് സൈഡ് വിധിച്ചു. അതിനു ശേഷം 86ആം മിനുട്ടിൽ ഡെമിറാൽ ചുവപ്പ് കണ്ട് പോവുക ചെയ്തതോടെ യുവന്റസ് പൊരുതുന്നതും അവസാനിച്ചു. അവസാന മിനുട്ടിൽ പെനാൾട്ടിയിൽ നിന്ന് മെസ്സി ഗോളടിച്ചതോടെ യുവന്റസ് പതനവും പൂർത്തിയായി.
ബാഴ്സലോണ ഈ വിജയത്തോടെ ഗ്രൂപ്പിൽ ആറ് പോയിന്റായി. യുവന്റസിന് 3 പോയിന്റാണ് ഉള്ളത്.