സെവിയ്യയിൽ നിന്നും പ്രതിരോധ താരം ജൂൾസ് കുണ്ടേയെ എത്തിക്കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങൾ അവസാന ഘട്ടത്തിലേക്ക്. വൈകി ആണെങ്കിലും തങ്ങളുടെ ഓഫർ ബാഴ്‌സലോണ സമർപ്പിച്ചിരുന്നു. നിലവിൽ സെവിയ്യയുമായി നടത്തുന്ന കൈമാറ്റ ചർച്ചകൾ അവസാന ഘട്ടത്തിൽ എത്തിയതായി ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സേവിയ്യയുമായി ഏകദേശ ധാരണയിൽ എത്താൻ ബാഴ്‌സലോണക്ക് കഴിഞ്ഞിട്ടുണ്ട്. ഇതോടെ അടുത്ത ദിവസം തന്നെ കുണ്ടേയുടെ കൈമാറ്റത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. താരവുമായി വ്യക്തിപരമായ ചർച്ചകൾ കഴിഞ്ഞ വാരം തന്നെ ബാഴ്‌സലോണ പൂർത്തിയാക്കിയിരുന്നു
ചെൽസിയുമായി എതിരിട്ടാണ് ബാഴ്‌സലോണ ജൂൾസ് കുണ്ടേയെ ടീമിൽ എത്തിക്കുന്നത്. താരത്തിന് വേണ്ടി ശക്തമായി ശ്രമിച്ച ചെൽസിക്ക് ബാഴ്‌സക്ക് മുന്നേ തങ്ങളുടെ ഓഫർ സമർപ്പിക്കാനും കഴിഞ്ഞിരുന്നു. പക്ഷെ ജൂൾസ് കുണ്ടേയുമായി സാവി അടക്കം ക്ലബ്ബിലെ ഭാരവാഹികൾ നിരന്തരം ചർച്ച നടത്തുന്നുണ്ടായിരുന്നു. എങ്കിലും ബാഴ്‌സലോണയുടെ നിലവിലെ സാഹചര്യത്തിൽ കൈമാറ്റ സാധ്യതകളെ കുറിച്ചു ആശങ്കയുള്ളതിനാൽ ആവണം, ചെൽസിയുമായും സമാന്തരമായി കുണ്ടേ ചർച്ചകൾ നടത്തി വരുന്നുണ്ടായിരുന്നു. താരത്തിന് തങ്ങളുടെ ഉറപ്പ് നൽകാൻ ബാഴ്‌സക്ക് സാധിച്ചതോടെ ചെൽസി സമർപ്പിച്ച ഓഫറിന് മുകളിൽ തിരിച്ച് പ്രതികരണം ഒന്നും നൽകാതെ ഇരിക്കുകയായിരുന്നു സെവിയ്യ. ശേഷം ബാഴ്‌സലോണ തങ്ങളുടെ ഔദ്യോഗിക ഓഫർ നൽകുകയും ഉടൻ കൈമാറ്റ ചർച്ചകൾ ആരംഭിക്കുകയും ചെയ്തു. അടുത്ത കാലത്ത് ഏറ്റവും തലവേദനയായ പ്രതിരോധത്തിൽ കാതലായ മാറ്റങ്ങൾ വരുത്താൻ കുണ്ടേയുടെ വരവോടെ സാധിക്കും എന്ന പ്രതീക്ഷയിൽ ആണ് ബാഴ്‌സലോണ.