സ്പർസിനെതിരെ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന് വലിയ പരാജയം

Picsart 22 07 27 19 06 43 608

ലണ്ടണിൽ നടന്ന നെക്സ്റ്റ് ജെൻ കപ്പിന്റെ സെമി ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. പ്രീമിയർ ലീഗിലെ വമ്പന്മാരായ സ്പർസൊന്റെ യുവ ടീമിനെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ ടീം എതിരില്ലാത്ത എഴു ഗോളുകളുടെ പരാജയം ആണ് ഏറ്റുവാങ്ങിയത്. വലിയ പരാജയം ആണെങ്കിലും കേരള ബ്ലാസ്റ്റേഴ്സ് യുവനിര മത്സരത്തിൽ നല്ല നീക്കങ്ങളുമായി പലപ്പോഴും സ്പർസിനെ ഞെട്ടിക്കുന്നത് കാണാൻ ആയി.

അവസരങ്ങൾ മുതലെടുക്കാൻ ആയിരുന്നു എങ്കിൽ കുറച്ചു കൂടെ മെച്ചപ്പെട്ട ഫലം നേടാൻ കേരള ബ്ലാസ്റ്റേഴ്സിന് ആകുമായിരുന്നു. വളരെ മികച്ച നിലവാരമുള്ള അക്കാദമിയാണ് സ്പർസിന്റേത് അതുകൊണ്ട് തന്നെ സ്പർസ് ഇന്ന് വിജയിക്കും എന്നത് ആർക്കും സംശയം ഉണ്ടായിരുന്ന കാര്യമല്ല.

31ആം മിനുട്ട് വരെ മത്സരം ഗോൾ രഹിതമായിരുന്നു. 31ആം മിനുട്ടിൽ ലിന്റൺ സ്പർസിന് ലീഡ് നൽകി. തൊട്ടടുത്ത നിമിഷത്തിൽ ജേഡൻ വില്യംസ് ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതിയിൽ ഗിവ്സണും നിഹാലും കേരള ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുന്നതിന് അടുത്ത് എത്തിയിരുന്നു.

രണ്ടാം പകുതിയിൽ സ്പർസ് കൂടുതൽ ഗോളുകൾ അടിച്ചു. 57ആം മിനുട്ടിൽ മാക്സ് മക്നൈറ്റ്, 61ആം മിനുട്ടിൽ ടോം ബ്ലോക്സാം, 71ആം മിനുട്ടിൽ അബോട്, 85, 89 മിനുട്ടിൽ വില്യംസ് എന്നിവരും കൂടെ ഗോളടിച്ചതോടെ സ്പർസ് വലിയ വിജയം ഉറപ്പിച്ചു. വില്യംസ് ഈ ഗോളുകളോടെ ഹാട്രിക്ക് പൂർത്തിയാക്കി.

കേരള ബ്ലാസ്റ്റേഴ്സ് ഇനി ശനിയാഴ്ച ക്രിസ്റ്റൽ പാലസിനെ നേരിടും.