ടോട്ടൻഹാമിന്റെ പുതിയ പരിശീലകനായി ജോസെ മൗറീനോയെ നിയമിച്ചത് ഔദ്യോഗികമായി. ക്ലബ് ഔദ്യോഗിക കുറിപ്പിലൂടെ ജോസെയുടെ വരവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ജോസെ മൗറീനോ പരിശീലക വേഷത്തിലേക്ക് മടങ്ങിയെത്തുകയാണ്. ഇന്നലെ പോചടീനോയെ ടോട്ടൻഹാം പുറത്താക്കിയിരുന്നു. ആ ഒഴിവിലേക്ക് ജോസെയെ കൊണ്ടു വരുന്നത്.
ഈ വർഷം മുഴുവൻ ദയനീയ പ്രകടനങ്ങൾ കാഴ്ചവെച്ചതുമായിരുന്നു പോചടീനോയുടെ ജോലി പോകാൻ കാരണം. ലോകത്തെ ഏറ്റവും മികച്ച പരിശീലകരിൽ ഒന്നിനെയാണ് സ്പർസിന് ലഭിച്ചിരിക്കുന്ന് എന്ന് ക്ലബ് ചെയർമാൻ ലെവി പറഞ്ഞു. ഡ്രസിംഗ് റൂമിലേക്ക് വിശ്വാസവും ഊർജ്ജവും കൊണ്ടുവരാൻ ജോസെയ്ക്ക് ആകുമെന്നും ലെവി പറഞ്ഞു.
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട ജോസെ ഇതുവരെ വേറെ ക്ലബുകളിൽ പ്രവർത്തിച്ചിരുന്നില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ ആഗ്രഹിച്ച ടീമിനെ ഒരുക്കാൻ മൗറീനോയ്ക്ക് ആയിരുന്നില്ല. ഇംഗ്ലണ്ടിൽ ജോസെയുടെ മൂന്നാമത്തെ ക്ലബ് ആകും സ്പർസ്. നേരത്തെ ചെൽസിയെയും ജോസെ പരിശീലിപ്പിച്ചിരുന്നു. ഇന്റർ മിലാൻ, റയൽ, പോർട്ടോ തുടങ്ങിയ ക്ലബുകളിലെല്ലാം ഇതിഹാസം രചിച്ച പരിശീലകനാണ് ജോസെ.