ഒരു മാഞ്ചസ്റ്റർ ക്ലബ് കൂടെ ജോസെ മൗറീനോയുടെ മുന്നിൽ തകർന്നടിഞ്ഞു. ഒരു മാസം മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആണെങ്കിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റിയാണ് മൗറീനോയുടെ സ്പർസിന് മുന്നിൽ വീണത്. ഇന്ന് സ്പർസിന്റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു സ്പർസിന്റെ വിജയം. ഗ്വാർഡിയോളയെ എങ്ങനെ പൂട്ടണം എന്ന് മൗറീനോ തയ്യാറാക്കിയ എല്ലാ തന്ത്രങ്ങളും ഫലിക്കുന്നതാണ് ഇന്ന് കണ്ടത്.
മത്സരം ആരംഭിച്ച് 5 മിനുട്ട് മാത്രമാണ് സ്പർസിന് ലീഡ് എടുക്കാൻ വേണ്ടി വന്നത്. എൻഡോമ്പലെയുടെ പാസ് സ്വീകരിച്ച് സോൺ ആണ് സ്പർസിന് ലീഡ് നൽകിയത്. ആ ഗോളിന് ശേഷം കൗണ്ടറിൽ ഊന്നി ആയിരുന്നു സ്പർസിന്റെ കളി. സിറ്റി മറുവശത്ത് തുടർ ആക്രമണങ്ങൾ നടത്തി എങ്കിലും സ്പർസിന്റെ ഡിഫൻസ് വലിയ മതിലായി നിന്നു. രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ലൊ സെൽസോയുടെ ഗോൾ കൂടെ വന്നതോടെ സ്പർസ് വിജയം ഉറപ്പിച്ചു. മികച്ച സേവുകളുമായി ലോറിസും സ്പർസ് തോൽക്കില്ല എന്ന് ഉറപ്പിച്ചു.
ഈ വിജയത്തോടെ സ്പർസ് പ്രീമിയർ ലീഗിൽ ഒന്നാമത് എത്തി. 9 മത്സരങ്ങളിൽ 20 പോയിന്റ് ആണ് സ്പർസിന് ഉള്ളത്. 12 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി 10ആം സ്ഥാനത്താണ് ഉള്ളത്.