തുടക്കം പാളിയെങ്കിലും ജോസ് ബട്‍ലറും സ്റ്റീവ് സ്മിത്തും ചേര്‍ന്ന് നേടിയ നാലാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നല്‍കിയ 126 റണ്‍സ് ലക്ഷ്യം മറികടന്ന് രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ എബിഡിയുടെ കൈയ്യില്‍ നിന്ന് കിട്ടിയ പ്രഹരത്തില്‍ നിന്ന് ശക്തമായ തിരിച്ചുവരവാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്.
98 റണ്‍സ് കൂട്ടുകെട്ട് നേടിയാണ് ബട്‍ലര്‍ സ്മിത്ത് കൂട്ടുകെട്ട് 7 വിക്കറ്റ് വിജയം കരസ്ഥമാക്കിയത്. ബട്‍ലര്‍ 48 പന്തില്‍ നിന്ന് 70 റണ്‍സും സ്റ്റീവ് സ്മിത്ത് 34 പന്തില്‍ 26 റണ്‍സും നേടിയാണ് രാജസ്ഥാന്റെ മികച്ച വിജയം 17.3 ഓവറില്‍ സാധ്യമാക്കിയത്.
ബെന്‍ സ്റ്റോക്സ് മികച്ച രീതിയില്‍ തുടങ്ങി മൂന്നോവറില്‍ ടീമിനെ 26 റണ്‍സിലേക്ക് നയിച്ചുവെങ്കിലും താരം പ്ലേയ്ഡ് ഓണ്‍ ആയതോടെ രാജസ്ഥാന്റെ തകര്‍ച്ചയാണ് കാണാനായത്. 11 പന്തില്‍ 19 റണ്‍സ് നേടിയ താരം പുറത്തായി തൊട്ടടുത്ത ഓവറില്‍ റോബിന്‍ ഉത്തപ്പയെയും രാജസ്ഥാന് നഷ്ടമായി. 4 റണ്‍സ് നേടിയ ഉത്തപ്പയും തൊട്ടടുത്ത ഓവറില്‍ പൂജ്യത്തിന് സഞ്ജു സാംസണും പുറത്തായപ്പോള്‍ 26/0 എന്ന നിലയില്‍ നിന്ന് 28/3 എന്ന നിലയിലേക്ക് രാജസ്ഥാന്‍ വീണു.
പത്തോവറില്‍ 59 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നേടിയത്. നാലാം വിക്കറ്റില്‍ ക്രീസിലെത്തിയ സ്മിത്ത് – ജോസ് ബട്‍ലര്‍ കൂട്ടുകെട്ടാണ് തകര്‍ച്ചയിലേക്ക് വീണ രാജസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.