എൻ.ബി.എ ഫൈനൽസിൽ ചരിത്രം എഴുതി ഡെൻവർ നഗറ്റ്സിന്റെ സെർബിയൻ താരം നിക്കോള ജോകിച്. ജോക്കർ എന്നു വിളിപ്പേരുള്ള ജോകിച് ഇന്നലെ ഫൈനൽസിലെ മൂന്നാം മത്സരത്തിൽ മയാമി ഹീറ്റ്സിന് എതിരെ ചരിത്രം എഴുതുക ആയിരുന്നു. മത്സരത്തിൽ 32 പോയിന്റുകൾ നേടിയ ജോകിച് 21 റീബോണ്ടുകളും 10 അസിസ്റ്റുകളും ആണ് കുറിച്ചത്.
ചരിത്രത്തിൽ ഇത് ആദ്യമായാണ് ഒരു താരം എൻ.ബി.എ ഫൈനൽസിൽ പോയിന്റുകൾ, റീബോണ്ട്, അസിസ്റ്റുകൾ എന്നിവയിൽ 30-20-10 എന്ന സ്‌കോർ കുറിക്കുന്നത്. അതേസമയം ജോകിചിന്റെ സഹതാരം ജമാൽ മറെ 34 പോയിന്റുകളും 10 വീതം റീബോണ്ട് അസിസ്റ്റുകൾ എന്നിവയും കുറിച്ചു. ചരിത്രത്തിൽ ആദ്യമായി ആണ് രണ്ടു സഹതാരങ്ങൾ എൻ.ബി.എ ഫൈനൽസിൽ ട്രിപ്പിൾ ഡബിൾ കുറിക്കുന്നത്. കൂടാതെ 25 ൽ അധികം പോയിന്റുകളും 10 അസിസ്റ്റുകളും ഒരു ഫൈനൽസിൽ ഒന്നിൽ അധികം കുറിക്കുന്ന ആദ്യ സഹതാരങ്ങൾ ആയും ഇവർ മാറി.
ഇവരുടെ മികവിൽ ഡെൻവർ മത്സരം 109-94 എന്ന സ്കോറിനു ജയിച്ചു. ഇതോടെ ഡെൻവർ ഫൈനൽസിൽ 2-1 നു മുന്നിൽ ആണ്. നാളെയാണ് എൻ.ബി.എ ഫൈനൽസിലെ നാലാം മത്സരം നടക്കുക. ചരിത്രത്തിൽ ആദ്യമായി ഡെൻവർ നഗറ്റ്സിനെ ഫൈനലിൽ എത്തിക്കാൻ ജോക്കറിന് ആയ വർഷം ആണ് ഇത്. അതേസമയം മത്സരശേഷം നിക്കോള ജോകിച് എൻ.ബി.എയിൽ എക്കാലത്തെയും മഹത്തായ താരങ്ങൾ ഉണ്ടാക്കിയ മാറ്റം ആണ് നിലവിൽ ഉണ്ടാക്കുന്നത് എന്നാണ് ഇതിഹാസതാരം മാജിക് ജോൺസൺ ട്വിറ്ററിൽ കുറിച്ചത്.