ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മറ്റൊരു ചരിത്രനേട്ടം കുറിച്ച് ഇംഗ്ലണ്ട് താരം ജോ റൂട്ട്. റിക്കി പോണ്ടിങ്ങിന്റെ 13,378 റൺസ് മറികടന്ന്, ടെസ്റ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമായി അദ്ദേഹം മാറി. ഇന്ത്യക്കെതിരായ മാഞ്ചസ്റ്റർ ടെസ്റ്റിന്റെ മൂന്നാം ദിനം തന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറി നേടിയാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്.

തന്റെ 157-ാം ടെസ്റ്റ് മത്സരത്തിൽ കളിക്കുന്ന റൂട്ട് നിലവിൽ 13,379* റൺസുമായി മുന്നേറുകയാണ്. ഈ മത്സരത്തിൽ തന്നെ അദ്ദേഹം ജാക്ക് കാലിസിനെയും രാഹുൽ ദ്രാവിഡിനെയും മറികടന്നിരുന്നു. 15,921 റൺസുമായി റെക്കോർഡ് കൈവശം വെച്ചിരിക്കുന്ന സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഇനി റൂട്ടിന് മുന്നിലുള്ളത്.
38 ടെസ്റ്റ് സെഞ്ച്വറികളോടെ കുമാർ സംഗക്കാരക്കൊപ്പമെത്തിയ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടിയവരിൽ നാലാം സ്ഥാനത്താണ്.
റൂട്ടിന്റെ ഈ പ്രകടനത്തെ അഭിനന്ദിച്ച മുൻ ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്, സച്ചിന്റെ റെക്കോർഡ് മറികടക്കാനും റൂട്ടിന് കഴിയുമെന്ന് അഭിപ്രായപ്പെട്ടു.
34 വയസ്സുകാരനായ റൂട്ട് കഴിഞ്ഞ അഞ്ച് വർഷമായി മികച്ച ഫോമിലാണ്. 2020 മുതൽ 6,000-ൽ അധികം ടെസ്റ്റ് റൺസും 21 സെഞ്ച്വറികളും അദ്ദേഹം നേടിയിട്ടുണ്ട്. 2022-ൽ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞതിന് ശേഷം 56 ശരാശരിയിൽ 3,400-ൽ അധികം റൺസാണ് റൂട്ട് നേടിയത്.